സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മറ്റ് ജില്ലകളില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴയ്‌ക്കോ നേരിയ മഴയ്‌ക്കൊ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും മുകളിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്.മോശം കാലാവസ്ഥയായതിനാല്‍ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Description: the-rain-will-be-heavy-again-in-the-state-from-today-yellow-alert-in-three-districts-including-kozhikode.