കണ്ടു നിന്നവർക്ക് ഇത് മഡ് ഫുട്ബോൾ ആണോ എന്നായി സംശയം; ചളിക്കളമായ കൊയിലാണ്ടി സ്റ്റേഡിയത്തിൽ നിന്ന് നടത്തിയ സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റ്, ചളിയിൽ കുളിച്ച് കുട്ടികൾ


ഫോട്ടോ: ബൈജു എംപീസ്

കൊയിലാണ്ടി: ഗ്രൗണ്ടിന്റെ മുക്കാല്‍ഭാഗവും ചെളിവെള്ളത്തില്‍, ഇതിനുള്ളില്‍ കുട്ടികളെ ഇറക്കി വീണും പരിക്കേറ്റും എങ്ങനെയൊക്കെയോ ഒരു ടൂര്‍ണമെന്റ് സമയത്ത് അവസാനിപ്പിച്ചു, സബ് ജില്ലാ സ്‌കൂള്‍ സുബ്രതോ കപ്പ് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടന്നത് ഇങ്ങനെയാണ്. ജൂണ്‍ 24, 25 തിയ്യതികളിലായായിരുന്നു മത്സരം. ആദ്യദിനം സബ് ജൂനിയര്‍ മത്സരം നടക്കുമ്പോള്‍ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തേ വെള്ളമുണ്ടായിരുന്നുള്ളൂ, രണ്ടാമത്തെ ദിവസമായപ്പോള്‍ രണ്ടിടത്തും വെള്ളത്തില്‍ നിന്നായി മത്സരം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം പണിയുമെന്ന വാഗ്ദാനം നല്‍കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്ത കൊയിലാണ്ടി സ്‌റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയാണിത്. ജില്ലാതല ടൂര്‍ണമെന്റുകള്‍ ജൂലൈ മുതല്‍ നടക്കേണ്ടതിനാല്‍ സബ് ജില്ലാ സ്‌കൂള്‍ സുബ്രതോ കപ്പ് മത്സരങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല എന്ന അവസ്ഥയിലായിരുന്നു സംഘാടകര്‍. ചെളിയില്‍ പുതഞ്ഞുള്ള കളിയും കാല്‍വഴുതി കുട്ടികള്‍ വീഴുന്നതും നിസഹായതയോടെ നോക്കി നില്‍ക്കാനേ സംഘാടകര്‍ക്കും കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കും കഴിഞ്ഞുള്ളൂ.

സ്റ്റേഡിയത്തില്‍ വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല. ഓവുചാല്‍ പണിതിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയലല്ലാത്തതിനാല്‍ വെള്ളം ഗ്രൗണ്ടില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.

റവന്യൂ വിഭാഗത്തിന്റെ കൈവശമായിരുന്ന കൊയിലാണ്ടി ഹൈസ്‌കൂള്‍ മൈതാനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 25 വര്‍ഷത്തേക്ക് ലീസിന് നല്‍കുകയായിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം പണിയുമെന്നായിരുന്നു വാഗ്ദാനം. അവരാകട്ടെ കടമുറികള്‍ പണിത് വരുമാനമാര്‍ഗമാക്കിയതല്ലാതെ കാര്യമായൊന്നും ചെയ്തില്ല. വലിയ മത്സരങ്ങള്‍ പോയിട്ട് ചെറുടൂര്‍ണമെന്റ് പോലും മര്യാദയ്ക്ക് ഇവിടെ നടത്താന്‍ കഴിയില്ലയെന്ന ദയനീയ അവസ്ഥയിലാണ് സ്‌റ്റേഡിയമിപ്പോള്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലീസിന്റെ കാലാവധി കഴിഞ്ഞ നിലയ്ക്ക് അവരില്‍ നിന്നും തിരികെ ഏറ്റെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കൊയിലാണ്ടിയിലെ കായിക പ്രേമികളിപ്പോള്‍.