ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് സമരം തുടരുന്നു
വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. സമരം ആരംഭിച്ചതോടെ വലഞ്ഞ് യാത്രക്കാര്‍.
ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്.
കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസ്സിനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് വലയുന്നത്. ബസ് സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പില്‍ എത്തി ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശനിയാഴ്ച വൈകീട്ട് കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന അജ്വ ബസിലെ ഡ്രൈവര്‍ ലിനീഷിനാണ് കൂമുള്ളിയില്‍ വെച്ച് മര്‍ദനമേറ്റത്. കാര്‍യാത്രികരും ബസ് ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാക്കുകയും മര്‍ദ്ദനത്തില്‍ എത്തുകയുമാണ് ഉണ്ടായത്. ബസ് ഡ്രൈവറുടെ പരാതിയില്‍ കാര്‍ ഉടമക്കെതിരെ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്.
ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത തന്റെ കാറില്‍ ബസ് മനഃപൂര്‍വം ഇടിപ്പിച്ചതായും മര്‍ദിച്ചതായുമാണ് കാര്‍ യാത്രികന്‍ ജംഷിദിന്റെ പരാതി. എന്നാല്‍, കാര്‍ ബസിന് കുറുകെയിട്ട് കാര്‍ യാത്രക്കാര്‍ മര്‍ദിച്ചതായാണ് ബസ് ഡ്രൈവറുടെ പരാതി. പരിക്കേറ്റ ബസ് ഡ്രൈവര്‍ ലിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും കാര്‍ യാത്രികന്‍ ജംഷീദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.