തൊട്ടാൽ കൈപൊള്ളും; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,400രൂപയാണ്. ഒറ്റദിവസം കൊണ്ട് 600 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

പവന്റെ വില ഉയര്‍ന്നതോടെ പണിക്കൂലി, ഹാള്‍മാര്‍ക്കിംങ് നിരക്ക്, നികുതി ഇതെല്ലമടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഏകദേശം 57,000 രൂപ നല്‍കേണ്ടി വരും. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വെള്ളിയുടെ ഇന്നത്തെ വിപണി വില രണ്ട് രൂപ ഉയര്‍ന്ന് ഒരു ഗ്രാം വെള്ളിയുടെ വില 88രൂപയായി.

ഇന്നലെ ഒരു പവന് 50,800രൂപയായിരുന്നു വില. ആഗസ്ത് മാസം തുടക്കത്തില്‍ ഒരു പവന് 400 ഉയര്‍ന്ന് 51,600 രൂപയായിരുന്നു വില. ആഗസ്ത് 17ന് സ്വര്‍ണ വില 55,000 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവില ഇടിഞ്ഞിരുന്നു. പവന് 2,200(ഗ്രാമിന് 250) രൂപയായിരുന്നു കുറഞ്ഞത്‌.