ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബിലയുടെ ശരീരത്തിലുള്ളത് 11 മുറിവുകള്‍, കഴുത്തിലേറ്റത് ആഴത്തിലുള്ള മുറിവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പതിനൊന്ന് മുറിവുകളാണ് ഷിബിലയുടെ കഴുത്തിലുള്ളത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷിബിലയെ ഭര്‍ത്താവ് യാസര്‍ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കൈമാറിയ യാസര്‍ വൈകീട്ട് വീണ്ടും കത്തിയുമായെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു യാസറും ഷിബിലയും. യാസറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് മകള്‍ക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസര്‍ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസര്‍ ഷിബിലയുടെ വസ്ത്രങ്ങള്‍ മുഴുവന്‍ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരില്‍ ചിലര്‍ അനുനയത്തിന് ശ്രമിച്ചിരുന്നു.
അങ്ങനെയാണ് ഇന്നലെ ഉച്ചയ്ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ യാസര്‍ കക്കാട്ടെ വീട്ടിലെത്തി തിരികെ നല്‍കിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. പിന്നീടാണ് ആയുധവുമായെത്തി ഷിബിലയെ കൊലപ്പെടുത്തുകയും ഭാര്യാ പിതാവിനെയും മാതാവിനെയും ആക്രമിക്കുകയും ചെയ്തത്.
അയല്‍വാസികള്‍ക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസര്‍ കൊലചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം.