വടകര മണ്ഡലം കെ.കെ ശൈലജ ടീച്ചറിലൂടെ സിപിഎം തിരിച്ചുപിടിക്കുമോ, അതോ ഷാഫിയോ ? കടത്തനാട് ഇത്തവണ ആരെ കാക്കും? അറിയാം വടകര നിയമസഭാ മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രം


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന് പിന്നാലെ ഓരോ നിമിഷവും ചര്‍ച്ചയായി കൊണ്ടിരിക്കുന്ന മണ്ഡലമാണ് വടകര. കടത്തനാടിന്റെ വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇത്തവണ ജനം ആര്‍ക്കൊപ്പം നില്‍ക്കും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. തെരഞ്ഞെടുപ്പിന് ഏതാനും ദവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വടകര മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് വിശദമായി നോക്കാം.

തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം. മുമ്പ് തലശ്ശേരി, പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു മണ്ഡലം.

1957ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ(പി.എസ്.പി) സ്ഥാനാര്‍ത്ഥിയായ കെ.ബി മേനോനായിരുന്നു മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. തുടര്‍ന്ന് 1962ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായ എ.വി രാഘവന്‍ വിജയിച്ചു.

1996ലെ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ ഒ.ഭരതന്‍ വടകര പിടിച്ചെടുത്തു. പിന്നീട് 1996, 1998, 1999, 2004 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സിപിഎം തന്നെയായിരുന്നു വടകര മണ്ഡലത്തില്‍ നിന്നും ജയിച്ചത്. എന്നാല്‍ 2009, 2014, 2019 കാലത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വടകര മണ്ഡലം സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്തു. 2009ല്‍ പി.സതീദേവിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി.

ഈ വര്‍ഷമായിരുന്നു ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകരിക്കുന്നത്. എന്നാല്‍ പിന്നീടുണ്ടായ ചന്ദ്രശേഖരന്‍ വധം വടകരയിലെ രാഷ്ട്രീയാന്തരീക്ഷത്തെ മാറ്റിമറിച്ചു. തുടര്‍ന്നുണ്ടായ രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തന്നെ വടകരയില്‍ വിജയിച്ചു. 2014ല്‍ സിപിഎമ്മിന്റെ എ.എന്‍ ഷംസീറിനെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയം. 2019ല്‍ പി.ജയരാജനെ തോല്‍പ്പിച്ച് കെ.മുരളീധരന്‍ വടകരയില്‍ നിന്നും ജയിച്ചു. അന്ന് 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്.

സിപിഎമ്മിന്റെ പ്രധാനനേതാക്കളായ ടിപി ചന്ദ്രശേഖനും എന്‍.വേണവും പാര്‍ട്ടിയില്‍ നിന്നും പുറത്ത് വന്നതോടെയാണ് വടകരയിലെ രാഷ്ട്രീയാന്തരീക്ഷം മാറാന്‍ തുടങ്ങിയത്. പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി പതിയെ വളരാന്‍ തുടങ്ങി. 2009ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചന്ദ്രശേഖരന്‍ 21,000 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു.

എന്നാല്‍ 2012ല്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുകയും സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ പ്രതിസ്ഥാനത്ത് വരികയും ചെയ്തതോടെ വടകരയില്‍ വീണ്ടും സിപിഎം സമ്മര്‍ദ്ദത്തിലായി. പിന്നീടങ്ങോട്ട് കോണ്‍ഗ്രസ് വടകരയില്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്.

അതേ സമയം വടകരയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്‌. 2009ല്‍ കെ.പി ശ്രീശന്‍ മത്സരിച്ച സമയത്ത് ബിജെപിക്ക് ലഭിച്ചത് 40,391 വോട്ടുകളായിരുന്നു, എന്നാല്‍ 2014 ആയപ്പോഴേക്കും ബിജെപിക്ക് 76,313 വോട്ടും, 2019ല്‍ എണ്‍പതിനായിരത്തിന് മുകളില്‍ വോട്ടും നേടാന്‍ സാധിച്ചു.

2016ല്‍ ജെഡിഎസിന്റെ സി.കെ നാണുവാണ് വടകരയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൂത്തുപറമ്പില്‍ നിന്നും സിപിഎമ്മിന്റെ കെ.കെ ശൈലജയും തലശ്ശേരിയില്‍ നിന്നും എ.എന്‍ ഷംസീറും പേരാമ്പ്രയില്‍ നിന്ന് ടിപി രാമകൃഷ്ണനും കൊയിലാണ്ടിയില്‍ നിന്ന് കെ.ദാസനുമാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുറ്റ്യാടിയില്‍ ഐയുഎംഎല്ലിന്റെ പാറക്കല്‍ അബ്ദുള്ള വിജയിച്ചപ്പോള്‍ നാദാപുരത്ത് സിപിഐയുടെ ഇ.കെ വിജയന്‍ വിജയിച്ചു.

2021ല്‍ കൂത്തുപറമ്പില്‍ നിന്നും എസ്‌ജെഡിയുടെ കെ.പി മോഹനന്‍ 70,626 വോട്ടോടു കൂടി നിയമസഭയിലെത്തി. തലശ്ശേരിയില്‍ എ.എന്‍ ഷംസീര്‍ വിജയിച്ചപ്പോള്‍ വടകരയില്‍ 62,456 വോട്ടുകള്‍ നേടി ആര്‍എംപിയുടെ കെ.കെ രമ നിയമസഭയിലെത്തി. 80,143 വോട്ടുകള്‍ നേടി കുറ്റ്യാടിയില്‍ നിന്നും സിപിഎമ്മിന്റെ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ വിജയിച്ചു. നാദാപുരത്ത് നിന്നും വീണ്ടും സിപിഎമ്മിന്റെ ഇ.കെ വിജയന്‍ നിയമസഭയിലെത്തി.

പേരാമ്പ്രയില്‍ നിന്നും 86,023 വോട്ടുകള്‍ നേടി ടിപി രാമകൃഷ്ണനും ഒരിക്കക്കൂടി നിയമസഭയിലെത്തി. കൊയിലാണ്ടിയില്‍ നിന്നും സിപിഎമ്മിന്റെ കാനത്തില്‍ ജമീല 75,528 വോട്ടുകള്‍ നേടി വിജയിച്ചു.

2024ലെ തെരഞ്ഞെടുപ്പില്‍ പ്രചാരണം പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും വടകര ആര്‍ക്കൊപ്പം എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. ടിപി വധവും, സൈബര്‍ ആക്രമണങ്ങളും അനുദിനം ചര്‍ച്ചയാവുമ്പോള്‍ വടകര ഇത്തവണ ആര്‍ക്കൊപ്പമായിരിക്കുമെന്ന് കണ്ടറിയണം. എന്നാല്‍ ഇടത്പക്ഷ മനസുള്ള മണ്ഡലം 2021ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ.കെ ശൈലജയെ കൈവിടില്ല എന്നാണ് തോന്നുന്നത്.