എലത്തൂരില്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ കുതിച്ചു; കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ അപകടകരാംവിധം അമിതവേഗത്തില്‍ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പൊലീസ്
എലത്തൂര്‍: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ അപകടകരമാംവിധം അമിതവേഗതത്തില്‍ കടന്നുപോയ സ്വകാര്യ ബസിനെ വളഞ്ഞിട്ട് പിടികൂടി പൊലീസ്. പുതിയനിരത്തില്വെച്ച് പൊലീസ് ബസിന് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതോടെയാണ് പൊലീസ് പിന്നാലെ പോയി കോട്ടേടത്ത് ബസാറില്‍വെച്ച് ബസ് പിടികൂടിയത്. കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃതിക ബസിനെതിരെയാണ് നടപടി.
പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം ട്രാഫിക് എസ്.ഐ. കെ.എ.അജിത് കുമാറാണ് ബസിനെതിരെ നടപടിയെടുത്തത്. എസ്.ഐ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ലൈസന്‍സ് കാണിക്കാന്‍ തയ്യാറായില്ല. ഇയാള്‍ പൊലീസിനോട് തട്ടിക്കയറി. ഇതോടെ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു.
കണ്ണൂര്‍ ചൊവ്വ സ്വദേശി കരുവത്ത് മൃദുല്‍ (24) ആയിരുന്നു ബസ് ഡ്രൈവര്‍. ഇയാള്‍ക്കെതിരെ അശ്രദ്ധമായി അപകടമുണ്ടാക്കുംവിധം വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തു.
ദേശീയപാതയില്‍ ബസുകളുടെ മത്സരയോട്ടം പതിവായ സാഹചര്യത്തിലാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. ബസിലെ എയര്‍ഹോണ്‍ അടിപ്പിച്ച പൊലീസ് പതിനായിരം രൂപ പിഴയും ഈടാക്കി.