കൊയിലാണ്ടിയില്‍ ആംബുലന്‍സിന് വഴികൊടുക്കാതെ കാറിന്റെ യാത്ര; കാര്‍ ഡ്രൈവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്
കൊയിലാണ്ടി: അത്യാസന്ന നിലയിലുളള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ കാര്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൊയിലാണ്ടി പൊലീസാണ് സ്വമേധയാ കേസെടുത്തത്.
കേസില്‍ ഇന്ന് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദിന്റെ മൊഴിയെടുക്കുകയും ചെയ്യും. ഇന്നലെ രാവിലെ വടകരയില്‍ നിന്നും രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് കാര്‍ ആംബുലന്‍സിന് സൈഡ് നല്‍കാതിരുന്നത്. മൂടാടിയില്‍ റോഡ് പണി നടക്കുന്ന ഭാഗം കഴിഞ്ഞതുമുതല്‍ കാര്‍ ആംബുലന്‍സിന് വഴിമുടക്കുകയായിരുന്നു.
കൊയിലാണ്ടി ടൗണ്‍ കഴിഞ്ഞ് അല്പം മാറി മീത്തലെ കണ്ടി പള്ളിയുടെ ഭാഗത്ത് ഒരു കുഴിയുള്ള ഭാഗത്ത് ബസ് സ്ലോ ആയിരുന്നു. അതുകാരണം കാറിന് കടന്നുപോകാന്‍ കഴിയാതായതോടെയാണ് ആംബുലന്‍സിന് കാറിനെ മറികടക്കാന്‍ കഴിഞ്ഞത്.
കെ.എല്‍ 86 എ 0001 എന്ന മേഴ്സിഡന്‍സ് ബെന്‍സ് കാറാണ് ആംബുലന്‍സിന് തടസം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കാര്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്നു.