പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കുക; തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് പേരാമ്പ്ര മത്സ്യവിതരണ തൊഴിലാളി യൂണിയന്‍


പേരാമ്പ്ര: പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര ടൗണ്‍ മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ജനറല്‍ ബോഡി.

ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ തറയിലെ ടൈല്‍സ് പൊട്ടി പൊളിഞ്ഞ്, മലിന ജലം ഒഴുകി പോകാന്‍ ഡ്രൈനേജ് സൗകര്യമില്ലാതെയും, കുടിവെള്ള സൗകര്യമില്ലാതെയും, ശൗച്യാലയ സൗകര്യം ഉള്‍പ്പടെ അസൗകര്യങ്ങളെക്കൊണ്ട് വീര്‍പ്പ് മുട്ടുന്ന പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് നവീകരിച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

ഇതിനായി അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും പേരാമ്പ്ര ടൗണ്‍മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ്. ടി. യു ജനറല്‍ ബോഡിയോഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ശോചനീയാവസ്ഥ സംബന്ധിച്ച് വകുപ്പ് മന്ത്രി മുതല്‍ പഞ്ചായത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു പരിഹാരങ്ങളും കൈക്കൊള്ളാത്ത അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും 26 ന് നടക്കുന്ന ജില്ലാ കണ്‍വന്‍ഷനും,സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എം.കെ.സി കുട്ട്യാലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.ഷാഹി, കെ.പി. റസാഖ്, സി.സി.അമ്മത്, കക്കാട്ട് റാഫി, എം.കെ. ഇബ്രാഹിം, മുബീസ് ചാലില്‍, കെ. കുഞ്ഞിമൊയ്തി, സി.കെ.നൗഫല്‍, എന്‍.എം യൂസഫ്, ഇ.കെ.സലാം, കെ.കെ ഫൈസല്‍, കെ.മനാഫ്, കെ.എം മുഹമ്മദ്, പി.വി സലാം എന്നിവര്‍ പ്രസംഗിച്ചു.

മത്സ്യ വിതരണതൊഴിലാളി യൂണിയന്‍സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം.കെ.സി കുട്ട്യാലിക്ക് ഉപഹാരസമര്‍പ്പണം നടത്തി.കെ.ടി. കുഞ്ഞമ്മത് സ്വാഗതവും കെ. സവാദ് നന്ദിയും പറഞ്ഞു. [mid5]