രാജ്യത്ത് വരുന്ന രണ്ടരമാസം ചൂട് കനക്കും; 20 ദിവസംവരെ നീളുന്ന ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം


ന്യൂഡല്‍ഹി: രാജ്യത്ത് വരുന്ന രണ്ട് മാസങ്ങളില്‍ ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമമന്ത്രാലയം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയാണ് കടുത്തചൂട് അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചു.

വിവിധ ഇടങ്ങളില്‍ പത്തുമുതല്‍ 20 ദിവസംവരെ ഉഷ്ണതരംഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഈ സമയം രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറന്‍ ഹിമാലയന്‍മേഖല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയരും.

ഗുജറാത്ത്, മധ്യമഹാരാഷ്ട്ര, വടക്കന്‍ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡിഷ, വടക്കന്‍ ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം കാര്യമായി ബാധിക്കുക.