‘വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാനെത്തുന്നവര്‍ക്ക് 50 രൂപ ഫീസായി നല്‍കേണ്ടതില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം’; കാര്യകാരണങ്ങള്‍ വിശദീകരിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്


കൊയിലാണ്ടി: വീടുകളില്‍ നിന്ന് മാലിന്യശേഖരണം നടത്താന്‍ ഗ്രാമപഞ്ചായത്തുകള്‍ നിയോഗിച്ച സംഘങ്ങള്‍ക്ക് യൂസര്‍ഫീ ആയി 50 രൂപ നല്‍കേണ്ടതില്ലെന്ന വാര്‍ത്തയ്‌ക്കെതിരെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ മറുപടിയെന്ന തരത്തില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും വിവരാവകാശ മറുപടിയുടെ കോപ്പിയുള്‍പ്പെടെ നല്‍കിക്കൊണ്ട് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഹരിത കര്‍മസേനക്ക് യൂസര്‍ ഫീസ് നല്‍കിയ രശീതിയുടെ കോപ്പി നല്‍കേണ്ടതുണ്ടോയെന്ന വിവരാവകാശപ്രകാരമുള്ള ചോദ്യത്തില്‍ അത്തരത്തിലുള്ള ഉത്തരവോ സര്‍ക്കുലറുകളോ തീരുമാനമോ ഉണ്ടോ എന്ന് ആരായുകയാണ് ചെയ്തിട്ടുള്ളത്. പ്രസ്തുത വിവരാവകാശ അപ്പീല്‍ തീര്‍പ്പാക്കി കൊണ്ട് ആലപ്പുഴ ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ നല്‍കിയ മറുപടിയില്‍ ഹരിത കര്‍മസേനക്ക് യൂസര്‍ ഫീനല്‍കേണ്ടതില്ലെന്ന് ഉത്തരവായെന്ന രീതിയിലുള്ള പ്രചാരണം നടത്തുന്നത് തീര്‍ത്തും വാസ്തവ വിരുദ്ധമാണ്.’ എന്നാണ് പഞ്ചായത്ത് സെക്രട്ടറി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നത്.

1986 ലെ പരിസ്ഥിതി ചട്ടത്തിന്റെ ഭാഗമായി 2016-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച അജൈവ പാഴ് വസ്തു പരിപാലന നിയമപ്രകാരം തന്നെയാണ് യൂസര്‍ ഫീ ചുമത്തി ഡോര്‍ ടൂ ഡോര്‍ കളക്ഷന്‍ നടത്തുന്നത്. കൂടാതെ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം പഞ്ചായത്തുകള്‍ യൂസര്‍ ഫീ ഈടാക്കുന്നതിന് ബൈലോ അംഗീകരിച്ചതുമാണ്. ഇതു കൂടാതെ കേരളാ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 1496 / 2020 തിയ്യതി 12 – 8.20 പ്രകാരം ഹരിത കര്‍മ സേന പ്രവര്‍ത്തനമാര്‍ഗ്ഗരേഖയില്‍ ഹരിത കര്‍മസേനക്ക് യൂസര്‍ ഫീ ഈടാക്കാമെന്നത് സംബന്ധിച്ച് ഉത്തരവായിട്ടുള്ളതുമാണ്.

മാലിന്യം സൃഷ്ടിക്കുന്നവര്‍ തന്നെയാണ് അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത്. അതിന് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് നിയമം പറയുന്നത്. ആ കടമയാണ് ഹരിത കര്‍മ സേന വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുന്നു.