അസൗകര്യങ്ങളുടെ താത്കാലിക ടിക്കറ്റ് കൗണ്ടറിനു വിട; ഇത് കൊയിലാണ്ടി റെയിൽവേ ടിക്കറ്റ് കൗണ്ടർ 2.0


കൊയിലാണ്ടി: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊയിലാണ്ടിയിലെ ട്രെയിൻ യാത്രക്കാർക്ക് ദുരിത കാത്തു നിൽപ്പിൽ നിന്ന് മോചനം. പുതിയ കെട്ടിടത്തിൽ നിന്ന് ആദ്യ ടിക്കറ്റ് നൽകി. അസൗകര്യങ്ങളുടെ താത്കാലിക ടിക്കറ്റ് കൗണ്ടറിനു വിട നൽകി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പുതിയ കൗണ്ടർ ഇന്നലെ തുറന്നു. പതിനൊന്നു വർഷത്തെ കാത്തിരുപ്പകൾക്കു വിരാമമിട്ടു കൊണ്ടാണ് ഇന്നലെ റെയിൽവേ സ്റ്റേഷനിലെ പുതിയ ടിക്കറ്റ് കൗണ്ടർ തുറന്നത്. സ്റ്റേഷൻ സുപ്രണ്ടന്റ് കെ രമ ആദ്യ ടിക്കറ്റ് നൽകി.

ഏറെ നാളുകളെടുത്താണ് സ്റ്റേഷനിലെ പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. എന്നാൽ പണി പൂർത്തിയാക്കിയിട്ടും കെട്ടിടം ഉദ്ഘടനം ചെയ്യുകയോ ജനങ്ങൾക്കായി തുറന്നു കൊടുക്കുകയോ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിൽ നിരവധി തവണ വാർത്തകൾ ചെയ്തിരുന്നു.

ടിക്കറ്റ് കൗണ്ടർ പോലും തുറക്കാത്ത സാഹചര്യത്തിൽ ആളുകൾ ഏറെ വളയാൻ തുടങ്ങിയ സാഹചര്യത്തിലാണ് കെ.മുരളീധരൻ എംപി യും കാനത്തിൽ ജമീല എം.എൽ.എയുമടക്കം വിഷയത്തിൽ ഇടപെട്ടത്. ഉദ്ഘാടനമോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെയായിരുന്നു ടിക്കറ്റ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചത്.

മൂന്നു ടിക്കറ്റ് കൗണ്ടറിനുള്ള സൗകര്യമുണ്ടങ്കിലും ഒന്നു മാത്രമാണ് പ്രവർത്തിക്കുക. അതിനാൽ സാധാരണ ടിക്കറ്റ് നൽകുന്ന ജീവനക്കാരൻ തന്നെ റിസർവേഷൻ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ഇപ്പോൾ റിസർവേഷൻ രാവിലെ 8 മുതൽ വൈകിട്ട് ആറ് വരെ ആണ് നൽകുന്നത്.

ഒരേ സമയം രണ്ടു ജീവനക്കാരെ ടിക്കറ്റ് കൗണ്ടറിൽ നിയമിക്കണമെന്നത് യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ്. എന്നാൽ പുതിയ കെട്ടിടത്തിൽ റിസർവേഷന്‌ പ്രത്യേക കൗണ്ടർ ഉണ്ടായിട്ടും അത് പ്രയോഗികമായിട്ടില്ല. ഇനി റിസർവഷന് മാത്രമായി പ്രത്യേക ജീവനക്കാരനെ നിയോഗിക്കേണ്ടതുണ്ട്.

കൊയിലാണ്ടിയിൽ നേരത്തെ നിർത്തിയിരുന്ന വണ്ടികൾ ഇപ്പോൾ ഇവിടെ നിർത്താത്ത പ്രശ്നവും ആൾക്കാരെ വലയ്ക്കുന്നു. കോവിഡ് രോഗവ്യാപനത്തിന് മുൻപ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നിർത്തിയിരുന്ന തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ പോകുന്ന 16604 നമ്പർ മാവേലി എക്സ്പ്രസ് ഇപ്പോൾ കൊയിലാണ്ടിയിൽ നിർത്തുന്നില്ല. 12618 നമ്പർ നിസാമുദ്ദീനിൽ നിന്ന് ഏർണാകുളം വരെ ഉള്ള മംഗള എക്സ്പ്രസ് കൊയിലാണ്ടിയിൽ നിർത്തുന്നില്ല.

ഒരു ടിക്കറ്റ് കൗണ്ടർ തുറന്നെങ്കിലും കൊയിലാണ്ടിയിലെ റെയിൽവേ സ്റ്റേഷനോടനുബന്ധിച്ചുള്ള നിരവധി പരാതികൾ ഇപ്പോഴും പാളം തെറ്റി കിടക്കുകയാണ്.