അർജുനായുളള തിരച്ചില്‍; നദിക്കടിയില്‍ നിന്ന് ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി,


കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്ന് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബയരെ ഗൗഡ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ലൊക്കേഷന്‍ വിവരങ്ങളടങ്ങിയ ചിത്രം അധികൃതര്‍ പുറത്തുവിട്ടു.

നിലവില്‍ നദിയുടെ കരയോട് ചേര്‍ന്ന ഭാഗത്ത് നേവിയുടെ ഡീപ് ഡൈവേഴ്‌സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണണ് വിവരം.

അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒന്‍പതാം ദിവസം എത്തുന്നതിനിടെയാണ് നിര്‍ണായക വിവരം പുറത്ത് വരുന്നത്. ഇന്ന് രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ജൂലൈ 8ന് ആണ് അര്‍ജുന്‍ ലോറിയില്‍ പോയത്.