കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പാഴ്ചെടികളും ചെളിയും നിറഞ്ഞ് നാശോന്മുഖമായി കിടക്കുന്നത് നാനൂറോളം കുളങ്ങൾ; ആര് സംരക്ഷിക്കും കൊയിലാണ്ടിയിലെ ഈ കുളങ്ങളെ ?


പി.കെ രവീന്ദ്രനാഥന്‍

കൊയിലാണ്ടി: നഗരസഭയിലെ കുളങ്ങള്‍ പാഴ്ച്ചെടികളും ചെളിയും നിറഞ്ഞ് നശിക്കുന്നു. 2023-24 ബജറ്റില്‍ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയില്‍ കുളങ്ങള്‍ ശുചീകരിക്കാനായി 25 ലക്ഷം നീക്കിവെച്ചിരുന്നു. എന്നാല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. നഗരസഭയില്‍ 97 കുളങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഭൂരിഭാഗവും ആരാധനാലയങ്ങളുടെ ഉടമസ്ഥതയിലും ചിലത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. ചെറിയ ശതമാനം മാത്രമാണ് പൊതുകുളം എന്ന പട്ടികയില്‍പ്പെട്ടത്.

ചെറുതും വലുതുമായ ഈ ജലസംഭരണികള്‍ നവീകരിച്ച് സംരക്ഷിച്ചാല്‍ ഏത് വരള്‍ച്ചയേയും നേരിടാന്‍ കൊയിലാണ്ടി നഗരസഭയ്ക്ക് കഴിയും. പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം ചിറ ഹരിതകേരളം പദ്ധതിയിലൂടെയാണ് സംരക്ഷിക്കപ്പെട്ടത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കുളിക്കാനും അലക്കാനും ഈ കുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കാലാന്തരത്തില്‍ കുളിയും അലക്കലും വീടുകളിലേക്ക് മാറിയതോടെ കുളങ്ങളിലേക്ക് ആരും വരാതായി. കുളങ്ങളില്‍ ഭൂരിഭാഗവും പാഴ്‌ച്ചെടികളും പുല്ലും ചെളിയും നിറഞ്ഞു കിടക്കുകയാണ്. പള്ളികുളങ്ങളും ക്ഷേത്ര കുളങ്ങളും നാട്ടുകാരുടെ കയ്യില്‍ നിന്ന് പണം സമാഹരിച്ചും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരിച്ച് പരിപാലിച്ചുവരുന്നുണ്ട്.

മാരാംമുറ്റം കുളം ഈ മട്ടില്‍ നവീകരണം പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കയാണ്. 2024-25 ബജറ്റില്‍ നഗരസഭ കുളങ്ങള്‍ വീണ്ടെടുക്കാനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എം.എല്‍.എ, എം.പി ഫണ്ടുകള്‍ കൂടി ഉപയോഗപ്പെടുത്തി പ്രധാന ജലസംഭരണികളായ കുളങ്ങള്‍ സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.