മണക്കുളങ്ങരയില്‍ ആനകള്‍ വിരണ്ടോടി മൂന്നുപേര്‍ മരിച്ച സംഭവം; നാളെ നടക്കാനിരുന്ന നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം മാറ്റിവെച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രത്തിന്റെയും ഓപ്പണ്‍ സ്റ്റേജിന്റെയും മാറ്റിവെച്ചു. മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ട സാഹചര്യത്തിലാണിത്.
വഴിയോര കച്ചവട കേന്ദ്രത്തിന്റെയും (സ്ട്രീറ്റ് വെന്റിഗ് മാര്‍ക്കറ്റ്) ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം 14 ന് വൈകിട്ട് മൂന്ന് മണിക്ക് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.
15 വര്‍ഷത്തിലേറെയായി കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്‍സ്റ്റിലെ ഫുട്പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായാണ് നഗരഹൃദയ ഭാഗമായ ബസ് സ്റ്റാന്റിനു സമീപത്തായി കൊയിലാണ്ടി നഗരസഭ വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക ക്ഷേമം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പുനരുദ്ധീകരിച്ചത്. കുടുംബശ്രീ എന്‍.യു.എല്‍.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയോര കച്ചവട കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരമാണ് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുറുവങ്ങാട് ക്ഷേത്രത്തിലേക്കുള്ള വരവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന സമയത്ത് ആനകള്‍ ഇടഞ്ഞത്. വെടിപൊട്ടിച്ചതോടെ പിറകിലെ ആന വിരണ്ട് മുന്നിലെ ആനയെ തള്ളുകയും തുടര്‍ന്ന് രണ്ട് ആനകളും വിരണ്ട് ക്ഷേത്രപരിസരത്ത് ഭീതിവിതച്ച് ഓടുകയുമായിരുന്നു. ക്ഷേത്രത്തിന്റെ ഓഫീസ് കെട്ടിടം ആനകള്‍ തകര്‍ത്തു. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെയാണ് മൂന്ന് വയോധികര്‍ മരണപ്പെട്ടത്.