ഭിന്നശേഷിക്കാരിയായ കുട്ടിയെ ഈ വഴിയിലൂടെ പരീക്ഷയ്ക്കായി കൊണ്ട് പോയത് ഏറെ ബുദ്ധിമുട്ടി; കുട്ടികൾ ഒരാഴ്ചയായി അങ്കണവാടിയിൽ പോകുന്നില്ല; ഗ്യാസ് വണ്ടിക്കും ഇങ്ങോട്ടേക്ക് എത്താനാവുന്നില്ല; ഇനിയും പരിഹാരമാകാതെ നാട്ടുകാരെ ദുരിതത്തിലാഴ്ത്തി മരളൂർ റോഡിലെ ചളിക്കുഴി
കൊയിലാണ്ടി: ഒരാഴ്ചയിലേറെയായി പനച്ചിക്കുന്ന് നിവാസികൾ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട്. റോഡ് നിർമ്മിച്ച് തരും എന്ന് പറഞ്ഞ് ആരംഭിച്ച പണി ഒടുവിൽ വഴി നടക്കാൻ പോലും ആവാത്ത അവസ്ഥയിൽ അക്ഷരാർത്ഥത്തിൽ ഒരുകൂട്ടം ആളുകളുടെ ജീവിത വഴി വരെ മുട്ടിച്ചു കളഞ്ഞ കഥയാണിവരുടേത്. വാഹനം പോകാനോ എന്തിനു നടന്നു പോകാൻ പോലും കഴിയാത്തെ അവസ്ഥയാണിപ്പോൾ. ഇതിനൊപ്പം മഴയും കൂട്ട് കൂടിയതോടെ ദുരിതമേറി. നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തെ തുടർന്നാണ് പനച്ചിക്കുന്ന് റോഡ് ചെളിക്കുളമായി മാറിയത്.
പരാതികളുയർന്നതോടെ ഉദ്യോഗസ്ഥർ പലരും ഇവിടെ എത്തിയെങ്കിലും പരിഹാരമെത്താനായില്ല, ഇന്ന് കാനത്തിൽ ജമീല എം.എൽ.എ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടികളെടുക്കാനുള്ള നിർദ്ദേശം നൽകിയതായി കൗൺസിലർ രാജീവൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരോടൊപ്പം പൂർണ്ണ സമയവും കൗൺസിലറുമുണ്ട്. റോഡ് ചളികുളമായതിനെ തുടർന്ന് ഇന്ന് രാവിലെ നടന്ന സങ്കടകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘ഇന്ന് രാവിലെ ആറരയോടെ ഇവിടെ എത്തിയതാണ് ഞാൻ. ഞങ്ങളുടെ നാട്ടിലെ ഒരു പെൺകുട്ടിക്ക് ഇന്ന് പരീക്ഷ എഴുതാനായി പോകണമായിരുന്നു. എന്നാൽ എല്ലു പൊടിയുന്ന ബുദ്ധിമുട്ടുള്ളതിനാൽ നടന്നു പോകുവാനോ കയ്യിൽ എടുത്തു കൊണ്ട് പോകുവാനോ കഴിയില്ല. ഒടുവിൽ ഞങ്ങളെല്ലാവരും ചേർന്ന് വണ്ടി ഈ ചള്ളക്കുഴിയിലൂടെ തള്ളിയാണ് അപ്പുറത്ത് എത്തിച്ചത്.
കുട്ടികൾക്ക് സ്കൂളിലേക്ക് നടന്നു പോകുവാനോ, പ്രായമായവരെ ആശുപത്രിയിലേക്കെത്തിക്കാനോ ഒക്കെ ഏറെ പ്രയാസപ്പെടുകയാണെന്നു നാട്ടുകാർ പറഞ്ഞു. ‘പാലിയേറ്റിവ് കെയറിന്റെയും നെസ്റ്റിന്റെയും ഒക്കെ വാഹനം സ്ഥിരമായി വരുന്ന വഴിയാണ്, പക്ഷെ ഇപ്പോൾ അതിനൊന്നും പറ്റാത്ത അവസ്ഥയാണ്. ഗ്യാസിന്റെ വണ്ടിക്ക് പോലും ഇങ്ങോട്ടു വരാൻ പറ്റുന്നില്ല. എന്തൊക്കെ ദുരിതങ്ങളാണ് അനുഭവിക്കുന്നതെന്നു അറിയാമോ?’ ദുരിതങ്ങൾ പങ്കിടുമ്പോൾ പ്രദേശത്തെ വീട്ടമ്മയുടെ വാക്കുകളിൽ സങ്കടവും രോഷവുമൊക്കെ ഉണ്ടായിരുന്നു. തൊഴിലുറപ്പിന്റെ യോഗങ്ങൾക്കു പോകാനോ ഒന്നും പറ്റുന്നില്ല. മുട്ടോളമാണ് ചള്ള ഉള്ളത്. വീട്ടമ്മ കൂട്ടിച്ചേർത്തു.
നിലവിലുള്ള റോഡിൻറെ മുകളിൽ വഗാഡ് കമ്പനിക്കാർ രണ്ടാമത് മണ്ണിട്ടതാണ് ചളിക്കളമായി മാറിയത്. കളക്ടറും തഹസിൽദാരും എം.എൽ.എ യുമൊക്കെ ഇവരെ നിരന്തരമായി വിളിക്കുന്നുണ്ട്. എന്നാൽ മഴയാണെന്നും മറ്റുമുള്ള ഒഴിവുകഴിവുകൾ പറഞ്ഞു മാറുകയാണ്. കഴിഞ്ഞ ദിവസം അൽപ്പം മണ്ണുമാറ്റാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
‘കുട്ടികളെയൊക്കെ എടുത്തു ഇപ്പുറം കടത്തേണ്ടുന്ന അവസ്ഥയാണ്. ഒരാവശ്യമുണ്ടായാൽ അകെ പെടും.’ കഴിഞ്ഞ ദിവസം വയ്യാതായതിനെ തുടർന്ന് പ്രായമായ ഒരാളെ സ്‌ട്രെച്ചറിൽ എടുത്തു കൊണ്ട് പോകേണ്ടി വരുകയായിരുന്നു. എത്ര ദിവസമായി ജനങ്ങൾ കഷ്ടപ്പെടുകയാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്.’ ‘ കൗൺസിലർ പറഞ്ഞു.
പനച്ചിക്കുന്ന് ഭാഗത്ത് ഒരുവശത്ത് റെയിൽവേ ട്രാക്കും മറുവശത്ത് ദേശീയപാതയുമാണ്. ദേശീയപാതയിലേക്കെത്താൻ പനിച്ചിക്കുന്ന് റോഡിനെയാണ് പ്രദേശവാസികൾ ആശ്രയിച്ചിരുന്നത്. എന്നാൽ നന്തി -ചെങ്ങോട്ട്കാവ് ബെെപ്പാസ് ഈ റോഡിന്റെ നടുവിലൂടെ കടന്നുപോകുന്നതിനാൽ ബെെപ്പാസ് നിർമ്മാണത്തിനായി റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മുറിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഗതാഗതത്തിനായി താൽക്കാലിക സംവിധാനം ഉണ്ടാക്കുകയായിരുന്നു. താത്ക്കാലികമായി ഒരുക്കിയ വഴിയിൽ കരാർ കമ്പനി വീണ്ടും മണ്ണിട്ടതിനു പിന്നാലെ മഴയും പെയ്തതോടെ റോഡ് ചെളിക്കുളമാവുകയായിരുന്നു.
വീഡിയോ കാണാം: