കാത്തിരിപ്പിന് വിരാമം; കല്ലാഴിപ്പുഴയിലെ ചെളി നീക്കി തുടങ്ങി
കോഴിക്കോട്: കല്ലായിപ്പുഴ തടസ്സമില്ലാതെ ഒഴുകാന്‍ ഇനി മാസങ്ങള്‍മാത്രം ബാക്കി. കല്ലായിപ്പുഴയിലെ ചെളിനീക്കി ആഴംകൂട്ടാനുള്ള പദ്ധതി ആരംഭിച്ചു. കോതി അഴിമുഖത്തുനിന്നുള്ള ചെളിനീക്കിയാണ് പണി തുടങ്ങിയത്. ആദ്യദിനം ഏതാണ്ട് 100 ക്യുബിക് മീറ്റര്‍ ചെളിനീക്കിക്കഴിഞ്ഞു.
വെസ്റ്റ്‌കോസ്റ്റ് ഡ്രജിങ് കമ്പനിയാണ് പുഴയിലെ ചെളിനീക്കുന്നത്. പുഴ കടലില്‍ചേരുന്ന കോതിമുതല്‍ മാങ്കാവ് കടുപ്പിനിവരെയുള്ള 4.2 കിലോമീറ്റര്‍ ദൂരത്തിലാണ് 2.7 മീറ്റര്‍ ആഴത്തില്‍ ചെളിനീക്കേണ്ടത്.ഡ്രെജ്ജറും എസ്‌കവേറ്ററുമുപയോഗിച്ച് നീക്കുന്ന ചെളി, ബാര്‍ജില്‍ കടലില്‍ അഞ്ചുകിലോമീറ്റര്‍ ദൂരം വരെ കൊണ്ടുപോയി നിക്ഷേപിക്കും.വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള സര്‍വേപ്രകാരം 3.29 ലക്ഷം ക്യുബിക് മീറ്റര്‍ ചെളിയാണ് നീക്കേണ്ടത്. പുതിയ സര്‍വേപ്രകാരം 75,000 ക്യുബിക് മീറ്റര്‍ ചെളി അധികമുണ്ട്. കരാര്‍പ്രകാരമുള്ള ചെളിമാത്രമാണ് നീക്കുക.
1000 ക്യുബിക് മീറ്റര്‍ ശേഷിയുള്ളതാണ് ബാര്‍ജ്, എന്നാല്‍, ആദ്യതവണകളില്‍ 500 ക്യുബിക് മീറ്റര്‍ ചെളിയായാല്‍ കടലില്‍ നിക്ഷേപിക്കും. പിന്നീട് പൂര്‍ണരീതിയിലേക്കാവും കടലില്‍ ഏഴരമീറ്ററെങ്കിലും ആഴത്തിലായാല്‍മാത്രമേ ചെളി തട്ടാനാവൂ.
2024 ഒക്ടോബര്‍ 22-നാണ് പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. അതിനുശേഷം സര്‍വേ പൂര്‍ത്തിയാക്കി. കോര്‍പ്പറേഷന്റെ 12.98 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് ഇറിഗേഷന്‍വിഭാഗമാണ് പണി നടത്തുന്നത്.