റോഡിൽ ‘അഭ്യാസം’ കാട്ടുന്നവർ സൂക്ഷിക്കുക; ഗതാഗത നിയമങ്ങൾ തെറ്റിച്ച് വാഹനങ്ങളുമായി കറങ്ങുന്നവരെ പൂട്ടാന്നൊരുങ്ങി മോട്ടോർ വാഹന വകുപ്പ്


കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനങ്ങളുമായി റോഡില്‍ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. റോഡില്‍ അഭ്യാസങ്ങളും റേസിംഗും നടത്തരുതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം റീല്‍സ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയില്‍ ബീച്ച് റോഡില്‍ ഇരുപതുകാരന്‍ ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലയില്‍ പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പരിശോധന ശക്തമാക്കുന്നതിന് മുന്നോടിയായി ആലപ്പുഴയില്‍ സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒമാരുടെയും യോഗം ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ വിളിച്ചിരുന്നു. ജില്ലയില്‍ ഉദ്യോഗസ്ഥരെ പത്തോളം സ്‌ക്വാഡുകളാക്കി തിരിച്ച് പരിശോധന നടത്താനാണ് തീരുമാനം.