തെരച്ചിൽ നിർണ്ണായക ഘട്ടത്തിലേക്ക്; ലോറിയിൽ അർജ്ജുൻ ഉണ്ടാവുമോ?, പ്രതീക്ഷയോടെ നാട്


ബംഗളുരു: അർജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ ഇന്ന് നിർണ്ണായക ദിനം. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാൽ ഇന്ന് ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോ എന്ന പരിശോധനയിലേക്ക് ദൗത്യസംഘം കടക്കും. അതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധനയാവും നടക്കുക.

ലോറിയുടെ കിടപ്പ് മനസ്സിലാക്കാൻ ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്ബത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനില്‍ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. അതിനായി മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തും. അതിനുശേഷമായിരിക്കും ട്രക്ക് പുറത്തെടുക്കുക.

കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്തും തുടര്‍ന്ന് ലോറി ലോക്ക് ചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തും. ഇതിനായി സൈന്യം വിവിധ ഉപകരണങ്ങള്‍ രാത്രിയോടെ സ്ഥലത്തെത്തിച്ചു. നിലവില്‍ മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവർത്തനത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷിറ്റൂരില്‍ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷൻ പൂർത്തിയാക്കാനാ കുമെന്നാണ് പ്രതീക്ഷ. കരയില്‍ നിന്നും 20മീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. മലയാളികളൊന്നാകെ ശുഭവാർത്തയ്കായുള്ള കാത്തിരിപ്പിലാണ്.