ഫോണ്‍ ലോക്കേഷന്‍ നോക്കി കണ്ടെത്തിയത് വടകര ലോകനാര്‍കാവ് പരിസരത്തു നിന്ന്; കാണാതായ ചേലിയ സ്വദേശിയായ യുവാവിനെ ഇതുവരെയും കണ്ടെത്തിയില്ല


കൊയിലാണ്ടി: കാണാതായ ചേലിയ സ്വദേശിയായ യുവാവിനെ കണ്ടെത്തിയില്ല. ചേലിയ പാലോട്ട് കണ്ടി ദീപേഷ് (40)നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ജോലി ചെയ്യുന്ന കല്ലാച്ചി ടയര്‍ പഞ്ചര്‍ വര്‍ക്സ് കടയില്‍ നിന്നും രാവിലെ വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാതെ വന്നതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കോള്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ വടകര ലോകനാര്‍കാവ് പരിസരത്താണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് ബന്ധുക്കള്‍ പോയി ഫോണ്‍ കണ്ടെത്തിയെന്ന് ദീപേഷിന്റെ സഹോദരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ ദീപേഷിനെ ഇതുവരെയും കണ്ടുകിട്ടിയിട്ടില്ല.

മാനസികമായി ബുദ്ധിമുട്ട് നേരിടുന്നയാളാണെന്നും മുന്‍പ് ഒരുതവണ ഇങ്ങനെ കാണാതാവുകയും പിന്നീട് കണ്ടുകിട്ടിയതാണെന്നും ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9745238703.