ചെക്ക്മെഷര്‍ ചെയ്തില്ലെന്ന കാരണത്താല്‍ തുക ലഭിച്ചില്ല; പതിനാല് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ കുടിവെള്ള പദ്ധതിക്ക് ചെലവായ തുക പലിശയുള്‍പ്പടെ മേപ്പയ്യൂര്‍ സ്വദേശിയ്ക്ക് നല്‍കാന്‍ ഉത്തരവിട്ട് മന്ത്രി


മേപ്പയ്യൂര്‍: പതിനാല് വര്‍ഷത്തിന് ശേഷം മേപ്പയ്യൂര്‍ സ്വദേശിയ്ക്ക് നീതിലഭിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്തിലെ അമ്പാട്ടുമ്മല്‍ ചെക്കോട്ടിക്കാണ് കിടപ്പാടം പണയത്തിലാകുമെന്ന ആശങ്ക ഒഴിഞ്ഞത്. അമ്പാട്ടുമ്മല്‍ കോളനി കുടിവെള്ള പദ്ധതിയ്ക്കായി ചിലവാക്കിയ തുക പഞ്ചായത്തും ഉദ്യോഗസ്ഥരും നല്‍കണമെന്ന് മന്ത്രി എം.ബി രാജേഷ് ഉത്തരവിട്ടു.

2009-10 ല്‍ ല്‍ പണി പൂര്‍ത്തിയാക്കിയ അമ്പാട്ടുമ്മല്‍ കോളനി കുടിവെള്ള പദ്ധതിയുടെ ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനറായിരുന്നു അമ്പാട്ടുമ്മല്‍ ചെക്കോട്ടി. കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചതോടെ ചെലവായ തുകയുടെ കുടിശ്ശികയായ 77,869 രൂപ പദ്ധതി കണ്‍വീനറായിരുന്ന ചെക്കോട്ടിക്ക് ലഭിച്ചിരുന്നില്ല. വരവ് ചെലവ് ഉള്‍പ്പടെ കണക്കുകള്‍ ചെക്കോട്ടി സമര്‍പ്പിച്ചെങ്കിലും അന്നത്തെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ചെക്ക്മെഷര്‍ ചെയ്തില്ലെന്ന കാരണത്താല്‍ തുക ലഭിക്കാതെ പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നീണ്ട 14 വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ ചെക്കോട്ടി പരാതിയുമായി കയറിയിറങ്ങിയെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. കുടിശ്ശിക തുക കിട്ടാതായതോടെ ചെക്കോട്ടിയുടെ കിടപ്പാടവും പണയത്തിലായി. തുടര്‍ന്ന് ഈ വിഷയത്തില്‍ പരാതിയുമായാണ് ഇദ്ദേഹം തദ്ദേശ അദാലത്തിലെത്തിയത്.

ചെക്കോട്ടിയുടെ പരാതി കേട്ടമന്ത്രി ഫൈനല്‍ മെഷര്‍മെന്റ് കൃത്യമായി ചെയ്യാതെ, തുക വൈകാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്നും പലിശ തുക ഈടാക്കണമെന്നും മൂല്യനിര്‍ണ്ണയം നടത്തി രണ്ടാഴ്ച്ചക്കുള്ളില്‍ തുക നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ചെക്ക് മെഷര്‍മെന്റ് ചെയ്യാത്തതാണ് തുക അനുവദിക്കുന്നതിന് തടസ്സമായതെന്ന് അദാലത്ത് വിലയിരുത്തി.

ചെക്കോട്ടിയ്ക്ക് ലഭിക്കാനുള്ള തുക ഗ്രാമപഞ്ചായത്ത് അനുവദിക്കണമെന്നും അതേസമയം ആ തുകയ്ക്കുള്ള ഇത്രയും കാലത്തെ പലിശ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ലാഭ വിഹിതം പോലും ഉള്‍പ്പെടുത്താതെ കണ്‍വീനര്‍ എന്ന നിലയില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ ആള്‍ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ചീഫ് എഞ്ചിനീയര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍, എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഈ നിര്‍ദ്ദേശം നല്‍കിയത്.