കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും അംഗനവാടികളുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞു; വികസനത്തിന്റെ കേരള മാതൃകകള്‍ അത്ഭുതപ്പെടുത്തിയെന്ന് മൂടാടിയിലെത്തിയ മേഘാലയന്‍ പ്രതിനിധികള്‍


മൂടാടി: വികസനത്തിന്റെ കേരള മാതൃകകള്‍ പഠന വിധേയമാക്കാന്‍ വന്ന മേഘാലയന്‍ പ്രതിനിധികള്‍ ഇന്ന് ഗ്രാമപഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളായ അംഗന്‍വാടി – കുടുംബാരോഗ്യ കേന്ദ്രം – പുറക്കല്‍ പാറക്കാട് ഗവ. എല്‍.പി.സ്‌കൂള്‍ കൃഷിഭവന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. അംഗന്‍വാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ അധുനികവല്‍കരിക്കുന്നതില്‍ ഗ്രാമപഞ്ചായത് വഹിക്കുന്ന പങ്ക്, പോഷകാഹാര വിതരണം, ഗര്‍ഭിണികള്‍ – മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കു നല്‍കുന സേവനങ്ങള്‍ എന്നിവ മനസിലാക്കുകയും തങ്ങളുടെ നാട്ടില്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുമെന്നും അറിയിച്ചു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. രഞ്ജിമ മോഹന്‍, ഡോ. അനസ് എന്നിവര്‍ വിശദീകരിച്ചു. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച മികവ് ടീം അംഗങ്ങളെ അത്ഭുതപ്പെടുത്തി. നവജാത ശിശു മരണ നിരക്ക് 0 ആണെന്ന വിവരം കൈയ്യട യോടെയാണ് മേഘാലയന്‍ ടീം സ്വീകരിച്ചത്.

പര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള ജനകീയാരോഗ്യ ശൃംഖല രൂപപ്പെടുത്താനുള്ള പരിശ്രമം നടത്തുമെന്ന് ടീം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജനകീയ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും സംയോജിപ്പിച്ച് മികവിന്റ കേന്ദ്രമായി മാറിയ പുറക്കല്‍ പാറക്കാട് ജി.എല്‍.പി.സ്‌കൂള്‍ ടീം അംഗങ്ങള്‍ സര്‍ന്ദര്‍ശിച്ചു. വൈവിധ്യങ്ങളായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പി.ടി.എ പ്രസിഡന്റും അധ്യാപകരും വിശദീകരിച്ചു. അഖിലേന്ത്യാ മത്സര പരീക്ഷകളില്‍ മലയാളികള്‍ മുന്നേറാനിടയാക്കിയ സാഹചര്യം ടീമിന് ബോധ്യമായി.

കാര്‍ഷിക മേഖലയുടെ ജീവസുറ്റ മുന്നേറ്റം കൃഷിഭവന്‍ സന്ദര്‍ശത്തില്‍ കാണാനിടയാക്കി. വിള ആരോഗ്യ കേന്ദ്രം പോലുള്ള നൂതനാശയങ്ങള്‍ സ്വന്തം നാട്ടിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്നും പ്രതിനിധിസംഘം പറയുകയുണ്ടായി. സാമുദായിക സൗഹാര്‍ദവും മതനിരപേക്ഷ സമൂഹമായി നിലനില്‍ക്കാന്‍ കഴിയുന്നതും മലയാളിയെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുവെന്ന് അനുഭവസാക്ഷ്യം പങ്കുവെക്കാന്‍ മേഘലയന്‍ സംഘം തയാറായി. കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മേഘാലയന്‍ സംഘം സാക്ഷ്യപ്പെടുത്തുകയാണ്.