നാട്ടിലെ വക്കീല്‍ വേണമെന്ന് അനീഷ് ബാബു കോടതിയില്‍; കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടു


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പിടിയിലായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ അനീഷ് ബാബുവിനെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തനിക്കുവേണ്ടി ഹാജരാവാന്‍ നാട്ടിലെ അഭിഭാഷകന്‍ വേണണെന്ന് ഇയാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ അഭിഭാഷകനുമായി സംസാരിക്കാന്‍ അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി.

കോയമ്പത്തൂരില്‍ നിന്ന് ചൊവ്വാഴ്ച വൈകുന്നേരം കൊയിലാണ്ടിയില്‍ എത്തിയപ്പോഴാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. പിന്നീട് കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച ഇയാളെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ എസ്.പി കറുപ്പ സ്വാമി, വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്, ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചശേഷം കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുകയായിരുന്നു.

തമ്പി എന്ന് വിളിപ്പേരുള്ള അനീഷ് സി.പി.ഐ (മാവോയിസ്റ്റ്) പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ) കേഡറാണ്. തിരുനെല്‍വേലിയിലെ ഭേദപ്പെട്ട കുടുംബത്തിലെ അംഗമാണ് ഇയാള്‍. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കബനീ ദളമെന്ന മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗമാണ് അനീഷ് എന്നും പൊലീസ് പറഞ്ഞു.