മൂരാട് പാച്ചാക്കല്‍ ഭാഗത്ത് കുറ്റ്യാടി പുഴയോരത്തെ കണ്ടല്‍കാടുകള്‍ വ്യാപകനമായി വെട്ടിനശിപ്പിച്ചു; വനം മന്ത്രിക്ക് പരാതി നല്‍കി നാട്ടുകാര്‍


പയ്യോളി: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേര്‍ന്നും പറമ്പിലുമുള്ള കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ചു. മൂരാട് പാച്ചാക്കല്‍ ഭാഗത്ത് കുറ്റ്യാടി പുഴയോരത്തെ കണ്ടല്‍ കാടുകളാണ് വ്യാപകമായി വെട്ടിനശിപ്പിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന് പരാതി നല്‍കി.

വാഹനങ്ങളില്‍ ആയുധങ്ങളുമായെത്തിയവരാണ് സിആര്‍സെഡ് ഒന്നില്‍പ്പെടുന്ന സ്ഥലത്തെ കണ്ടലുകള്‍ വെട്ടിമാറ്റിയത്. പുഴയോരത്തും സമീപത്തെ തോടിനരികെയുള്ള കണ്ടലുകളാണ് വെട്ടിയത്. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടല്‍ നശിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കണ്ടല്‍കാടുകള്‍ വെട്ടുന്നത് നിര്‍ത്തിവച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ പോയയുടന്‍ ഇവര്‍ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ വനംമന്ത്രിക്ക് പരാതി നല്‍കിയത്.