ഷാഫി പറമ്പില്‍ എം.പിയുടെ ശ്രദ്ധയ്ക്ക്‌; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിമിതികളില്‍ നിന്ന് ഇനിയെങ്കിലും മോചനം വേണം, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, ഫൂട്ട് ഓവര്‍ബ്രിഡ്ജ് ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായും യാത്രികരുടെ സുരക്ഷിതത്വത്തിനായും ഷാഫി പറമ്പില്‍ എം.പി ഇടപെടണമെന്ന് യാത്രക്കാര്‍. കോഴിക്കോടിനും വടകരയ്ക്കും ഇടയിലുള്ള പ്രധാന സ്റ്റേഷനുകളിലൊന്നും മലയോരമേഖലകള്‍ ഉള്‍പ്പെടെ കൊയിലാണ്ടി താലൂക്കിലെ ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായിട്ടും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ ഏറെ ആശ്രയിക്കുന്ന പല ട്രെയിനുകള്‍ക്കും സ്റ്റോപ്പില്ല. നേരത്തെ നിര്‍ത്തിയിരുന്ന പല ട്രെയിനുകള്‍ക്കും കോവിഡിനുശേഷം ഇവിടെ സ്‌റ്റോപ്പ് അനുവദിച്ചിട്ടില്ല. ഈ പ്രശ്‌നങ്ങളുള്‍പ്പെടെ റെയില്‍വേ സ്റ്റേഷന്‍ വികസനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എം.പിയുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിനും മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിനും നേത്രവാതി എക്‌സ്പ്രസിനും കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ദീര്‍ഘകകാലമായി ഉയരുന്ന ആവശ്യമാണിത്. കോഴിക്കോടും വടകരയിലും സ്‌റ്റോപ്പുണ്ടെന്ന് പറഞ്ഞാണ് നിലവില്‍ ഇന്റര്‍സിറ്റിക്ക് സ്റ്റോപ്പ് അനുവദിക്കാത്തത്. കൊയിലാണ്ടിയില്‍ നിന്ന് വടകരയിലേക്കും കോഴിക്കോട്ടേക്കും 25 കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട് എന്നിരിക്കെയാണ് ഈ ന്യായവാദം പറയുന്നത്.

മേല്‍ പറഞ്ഞ ട്രെയിനുകള്‍ക്ക് പുറമേ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ജനശതാബ്ദി എക്‌സ്പ്രസ് എന്നിവയ്ക്ക് കൂടി കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്രദമാകും.

ഷോര്‍ണൂര്‍ ഭാഗത്തേക്ക് ഉച്ചയ്ക്ക് ഒരുമണിക്കുള്ള മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പോയിക്കഴിഞ്ഞാല്‍ പിന്നീട് 4.40നുള്ള മംഗലാപുരം-ചെന്നൈ മെയില്‍ മാത്രമാണ് കൊയിലാണ്ടിയില്‍ നിര്‍ത്തുന്നത്. ഇതിനിടയില്‍ മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റിയും, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസും കൊയിലാണ്ടി സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഇവിടെ സ്‌റ്റോപ്പില്ല. അഞ്ച് മണിക്കൂറോളം നീണ്ട ഗ്യാപ്പാണ് ഇവിടെ പ്രകടമാകുന്നത്.

തിരുവനന്തപുരം-ലോകകമാന്യതിലക് (മുംബൈ) നേത്രാവതി എക്‌സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പിയായിരിക്കെ കെ.മുരളീധരന്‍ കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അനുകൂല നിലപാടുണ്ടായിട്ടില്ല.

കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ തന്നെ കൊയിലാണ്ടി സ്റ്റേഷനെ കൂടുതലാളുകള്‍ ആശ്രയിച്ചു തുടങ്ങുകയും യാത്രാപ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരമാകുകയും ചെയ്യും. ഇത് സ്റ്റേഷന്റെ വരുമാനവര്‍ധനവിനും അതുവഴി മൊത്തത്തിലുള്ള വികസനത്തിനും വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്‌റ്റേഷനില്‍ മുഴുവന്‍ സമയ ടിക്കറ്റ് റിസര്‍വേഷന്‍ ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നം. തല്‍ക്കാല്‍ റിസര്‍വേഷനായി കോഴിക്കോട്, വടകര സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പ്ലാറ്റ്‌ഫോം മേല്‍ക്കൂരക്ക് നീളം കുറവാണ്. മുന്നിലെയും പിന്നിലെയും കമ്പാര്‍ട്ട്‌മെന്റുകള്‍ പ്ലാറ്റ്‌ഫോമിന്‌ മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ് നില്‍ക്കുക. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഇരിപ്പിടങ്ങള്‍, കുടിവെള്ള സംവിധാനം എന്നിവ ആവശ്യത്തിന് ഇല്ലാത്തതും പ്രതിസന്ധിയാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര സ്റ്റേഷന്‍ വികസിപ്പിച്ച രീതിയില്‍ കൊയിലാണ്ടി സ്റ്റേഷനും വികസിപ്പിക്കണമെന്നാണ് എം.പിയോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ കൂടുതല്‍ വികസനത്തിന് തടസമായി നില്‍ക്കുന്ന സ്ഥലപരിമിതിക്ക് പരിഹാരമായി ഒരു പിറ്റ് സ്റ്റേഷനായി വികസിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് കൊയിലാണ്ടി സ്റ്റേഷന്‍. കൊയിലാണ്ടിയില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന റെയില്‍വേയുടെ എക്കര്‍ കണക്കിന് സ്ഥലം ഉപയോഗപ്പെടുത്തി മെയിന്റനന്‍സ് സെന്ററും ട്രാക്കുകളും അനുവദിച്ച് സ്റ്റേഷന്‍ വികസിപ്പിക്കാം. റെയില്‍വേ അധീനതയില്‍ കണക്കിന് ഭൂമി കൊയിലാണ്ടിയിലുണ്ട്. ഈ ഭൂമി ഉപയോഗപ്പെടുത്തിയാല്‍ വണ്ടികള്‍ക്കുള്ള പിറ്റ്‌ലൈന്‍ സ്ഥാപിക്കാനും. നിലവില്‍ റെയില്‍വേ അധികൃതരുടെ പരിഗണനയിലുള്ള ഈ പദ്ധതിക്ക് ജീവന്‍വെക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യമുയരുന്നുണ്ട്.

ട്രെയിന്‍തട്ടിയുളള മരണങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥലമാണ് കൊയിലാണ്ടി. ഇതില്‍ പലതും പാളം മുറിച്ചുകടക്കുന്നതിനിടെ സംഭവിക്കുന്ന അപകടങ്ങളാണ്. പന്തലായനി ഭാഗത്തുള്ളവര്‍ ഏറെയും ടൗണിലെത്താന്‍ പാളം കുറുകെ കടന്നാണ് യാത്ര ചെയ്യുന്നത്. പന്തലായനി ഗവ. എച്ച്.എസ്.എസിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും സ്‌കൂളിലെത്തുന്നതും തിരിച്ചുപോകുന്നതും ഈ രീതിയില്‍ തന്നെ. ഇത്തരത്തില്‍ പാളം മുറിച്ചുകടക്കുന്നത് ശിക്ഷാര്‍മായ കുറ്റമാണ്. ഇതിനെതിരെ അടുത്തിടെ റെയില്‍വേ അധികൃതര്‍ നടപടികളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി പാളം മുറിച്ചുകടക്കാന്‍ പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം ഫൂട് ഓവര്‍ ബ്രിഡ്ജ് അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നിലവിലെ റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കും ഉപകരിക്കുന്ന തരത്തില്‍ പാളത്തിന്റെ ഇരുപുറത്തേക്കും നീട്ടണമെന്നും പന്തലായനി നിവാസികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.