”സ്‌ഫോടനത്തിന്റെ പ്രഹരശേഷിയില്‍ ബ്രിട്ടീഷ് പൊലീസ് സംവിധാനമാകെ പകച്ചു” കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ പദ്ധതിയും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും – നിജീഷ് എം.ടി എഴുതുന്നു


കേരളത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്കകത്ത് രണ്ട് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലം, അധികാരവും, ആശയവും തമ്മിലടിച്ച് കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമര രാഷ്ട്രീയ പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങിയ കാലത്താണ് ക്വിറ്റ് ഇന്ത്യാ സമാരാഹ്വാനം ഉണ്ടായത്. കേരളത്തിലെ മുതിര്‍ന്ന നേതാവ് ജനാബ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് 1940 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. കേരളത്തിലെ ക്വിറ്റ് ഇന്ത്യാ സമര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ കേളപ്പജി, എം.പി നാരായണ മേനോന്‍, കെ.എ ദാമോദര മേനോന്‍, കെ.മാധവമേനോന്‍, കുട്ടി മാളു അമ്മ തുടങ്ങിയവരെ ക്വിറ്റ് ഇന്ത്യാ സമര പ്രഖ്യാപനം വന്ന ഉടനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു.

എന്നാല്‍ ജനകീയ സമരങ്ങളെ അധികനാള്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ കഴിയില്ല എന്ന് തെളിയിക്കുന്ന തീക്ഷ്ണ സമര പോരാട്ടങ്ങളായിരുന്നു പരിമിതികളെല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ജനതയുടെ നേതൃത്വത്തില്‍ തന്നെ കേരളത്തില്‍ നടന്നത്.

കീഴരിയൂര്‍ ബോംബ് കേസ്:

1942 ആഗസ്റ്റ് മാസം മുതല്‍ 1943 മെയ് അവസാനം വരെ മലബാറില്‍ നടന്ന ക്വിറ്റ് ഇന്ത്യ സമരങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും, ആവേശോജ്ജ്വലവുമായ സമര സംഘാടന പ്രവര്‍ത്തനങ്ങളാണ് കീഴരിയൂര്‍ ബോംബ് കേസ് എന്ന് വിശേഷിപ്പിക്കുന്ന സംഭവ പരമ്പരകള്‍. മലബാര്‍ ജില്ലയുടെ കോഴിക്കോട്, കുറുമ്പ്രനാട്, കോട്ടയം താലൂക്കുകളിലെ വിവിധയിടങ്ങളില്‍ ആളപായമില്ലാതെ ബോംബ് പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. കീഴരീയൂര്‍ ഗ്രാമത്തെ ബോംബ് നിര്‍മാണത്തിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തു.

1942 ഓഗസ്റ്റ് 19 ന് രാത്രി ചേമഞ്ചേരി റജിസ്ട്രാപ്പീസും, റെയില്‍വേ സ്റ്റേഷനും തീവെച്ച് കത്തിച്ചു. തിരുവങ്ങൂര്‍ റെയില്‍വെ ഷെഡ് പൊളിച്ചു നീക്കപ്പെടുകയും മാത്രമല്ല ചേമഞ്ചേരിക്കും തിരുവങ്ങൂരിനുമിടയില്‍ ടെലഗ്രാഫ് കമ്പികള്‍ മുറിച്ചു മാറ്റപ്പെട്ടു. കോക്കല്ലൂര്‍ അംശ കച്ചേരി, കുന്നത്തറ സര്‍ക്കാര്‍ വക ആല, ഉണ്ണികുളം, മേലൂര്‍, തിരുവങ്ങൂര്‍ എന്നീ അംശ കച്ചേരികളും തീവെച്ച് നശിപ്പിച്ചു.

ഉള്ളിയേരി മാതാം തോടിന് കുറുകെ ഉണ്ടായിരുന്ന മരപ്പാലം പൊളിച്ചു. ഈ പാലം പൊളിക്കല്‍ കേസ്സാണ് കേരളത്തിലെ ആദ്യത്തെ അട്ടിമറിക്കേസ്. കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഉള്ളിയേരി, കുന്നത്തറ, തൃക്കുറ്റിശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിലെ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു.

കീഴരിയൂരിലെ കൂന്തങ്കല്ലുള്ളതില്‍ വീട്ടില്‍ ബോംബൈയില്‍ നിന്നും എത്തിച്ച നിര്‍മാണ സാമഗ്രികള്‍ പ്രാദേശവാസികളായ സ്ത്രീകളുടെ ഉള്‍പ്പെടെ സഹായത്തോടെ അതീവ രഹസ്യമായി ഉഗ്രപ്രഹര ശേഷിയുള്ള ബോംബുകളായി നിര്‍മ്മിക്കപ്പെട്ടു. കീഴരിയൂരിലെ മാവട്ട് മലമുകളില്‍ 1942 നവംബര്‍ 17 ന് രാത്രി ബോംബ് പരീക്ഷണം നടന്നു. രാത്രിയില്‍ അത്യുഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നു. വിവരമറിഞ്ഞ് സര്‍വസന്നാഹങ്ങളുമായി പോലീസ് മലകയറി വരുമ്പോഴെക്കും സമരസേനാനികള്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. കീഴരിയൂരില്‍ ബ്രിട്ടീഷ് പോലീസ് ക്യാമ്പ് ചെയ്യുകയും, പ്രദേശമാകെ ഭീകരാവസ്ഥ സൃഷ്ടിക്കുകയും ഉണ്ടായി. വ്യാപകമായ അറസ്റ്റും, ഭീകര മര്‍ദ്ദനങ്ങളുമുണ്ടായി.

പാട്യം വില്ലേജ് ഓഫിസ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവര്‍ണര്‍ പ്രസംഗിക്കുന്ന പന്തല്‍, കല്ലായി റെയില്‍വേ സ്റ്റേഷന്‍, കല്ലായി ടിംബര്‍ കേന്ദ്രം, മലാപ്പറമ്പ് ഗോള്‍ഫ് ക്ലബ് എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായി.

1943 ജനുവരിയില്‍ നടുവണ്ണൂര്‍ രജിസ്ട്രാര്‍ ഓഫീസ് സമരഭടന്മാര്‍ തീവെച്ചു നശിപ്പിച്ചു.

കീഴരിയൂര്‍ ബോംബ് കേസ്സുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഭരണകൂടം ഞെട്ടിത്തരിച്ചു പോയ ഏറ്റവും പ്രധാനപ്പെട്ട സംഭവം 1943 മെയ് 30 ന് രാത്രി ഫറോക്ക് പാലം അട്ടിമറിശ്രമത്തിന്റെ ഭാഗമായി നടന്ന ബോംബ് സ്‌ഫോടനമായിരുന്നു. ഫറോക്ക് റെയില്‍വെപ്പാലത്തിലെ ബോംബ് സ്‌ഫോടനത്തിന്റെ പ്രഹരശേഷിയില്‍ ബ്രിട്ടീഷ് പോലീസ് സംവിധാനമാകെ പകച്ചു, അതോടെ പൊലീസ് ജാഗരൂകരായി. അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായ ഡോ: കെ.ബി.മേനോണ് കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ പദ്ധതിയുടെയും, തുടര്‍ന്നുണ്ടായ സംഭവ പരമ്പരകളുടെയും ബുദ്ധി കേന്ദ്രമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളും റെയില്‍പ്പാളങ്ങളും ബോംബുവെച്ച് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കീഴരിയൂരിലെ കുന്നുകള്‍ ഒളിത്താവളമാക്കി ബോംബുണ്ടാക്കിയെന്ന കേസില്‍ ഡോക്ടര്‍ കെ.ബി മേനോന്‍, എന്‍.എ കൃഷ്ണന്‍ നായര്‍, വി.എ കേശവന്‍ നായര്‍, സി.പി ശങ്കരന്‍ നായര്‍, ഡി.ജയദേവ റാവു, ഒ.രാഘവന്‍ നായര്‍, കാരിയാല്‍ അച്യുതന്‍, ഇ.വാസുദേവന്‍ നായര്‍, എന്‍.പി. അബു കോയപ്പള്ളി നാരായണന്‍ നായര്‍, എം. ഉണ്ണിക്കുട്ടി, കുനിയില്‍ കുഞ്ഞിരാമന്‍, കെ.കേളുക്കുട്ടി, ടി. പാച്ചര്‍, കണ്ടിയില്‍ മീത്തില്‍ കുഞ്ഞിരാമന്‍, അബ്ദുള്ളക്കോയ തങ്ങള്‍, മുഹമ്മദ് നഹ, പി. മമ്മൂട്ടി, വള്ളിയില്‍ ശങ്കരന്‍കുട്ടി നായര്‍, കെ.നാരായണന്‍, കെ.ടി. അലവി, സി ചോയുണ്ണി, കെ.വി.ചാമുണ്ണി, പ്രഭാകരന്‍, അച്യുതന്‍ വൈദ്യര്‍, ഗോപാലന്‍നായര്‍, ദാമോദരന്‍ നായര്‍ എന്നിവരെ കൂടാതെ അറസ്റ്റ് ചെയ്യാനാവാത്ത 5 പേര്‍ രാഘവക്കുറുപ്പ്, ചേക്കുട്ടി, സദാനന്ദന്‍, കുഞ്ഞിരാമക്കിടാവ്, മത്തായി മാഞ്ഞുരാന്‍ എന്നിവരെയും ചേര്‍ത്ത് 32 പേരുള്ള പ്രതിപ്പട്ടിക ബ്രിട്ടിഷ് പോലീസ് തയ്യാറാക്കി, പ്രതികളുടെ പേരില്‍ ചുമത്തിയ കുറ്റം 1942 ഓഗസ്റ്റിനും 1943 മേയ്ക്കും മദ്ധ്യേ മലബാര്‍ ജില്ലയിലുള്ള ഫറോക്ക്, കോഴിക്കോട്, കീഴരിയൂര്‍ എന്നിവിടങ്ങളിലും മറ്റു പല സ്ഥലങ്ങളിലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുവാന്‍-ഗവണ്‍മെന്റ് കെട്ടിടങ്ങള്‍, റെയില്‍പ്പാതകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എന്നിവയെ തീവെച്ചും പൊട്ടിത്തെറി സാധനങ്ങളുപയോഗിച്ചും നശിപ്പിക്കുവാനും തപാല്‍ക്കമ്പികള്‍ മുറിക്കുവാനും- തീരുമാനിച്ചുവെന്നുള്ളതായിരുന്നു കുറ്റം.

കീഴരിയൂര്‍ ബോംബ് കേസ് അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ദേശീയ നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുകയും ചെയ്തപ്പേഴാണ് നേതാജി സുബാഷ് ചന്ദ്ര ബോസ് ഡോ: കെ ബി മേനോനെ കത്ത് എഴുതി അഭിനന്ദിക്കുകയും ഉണ്ടായി. മുഴുവന്‍ പ്രതികള്‍ക്കും (32 പേര്‍) തടവുശിക്ഷ വിധിച്ചു. ഇതില്‍ 12 പേര്‍ക്ക് ഏഴു കൊല്ലവും ഒരാള്‍ക്ക് 10 കൊല്ലവും കഠിനതടവ് ലഭിച്ചു. കേസിലുള്‍പ്പെട്ട മുള്ളന്‍കണ്ടി മീത്തല്‍ നാരായണന്‍ ഭീകരമായ പോലീസ് മര്‍ദനത്തെത്തുടര്‍ന്ന് ആലിപ്പുര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹംപോലും ബന്ധുക്കള്‍ക്ക് ബ്രിട്ടീഷ് ഭരണകൂടം വിട്ടുകൊടുത്തിരുന്നില്ല.

ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പോലീസ് സംവിധാനങ്ങളെ നാണം കെടുത്തുന്ന രീതിയിലുള്ള സമര രീതികളായിരുന്നു കോഴിക്കോട് കുറുമ്പ്രനാട് താലൂക്കിലെ കീഴരിയൂരില്‍ തുടക്കമിട്ടത് ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഏറ്റവും കോളിളക്കം സൃഷ്ടിക്കപ്പെട്ടതും, ബ്രിട്ടീഷ് ഭരണവും, പോലീസ് സംവിധാനങ്ങളും സ്തംഭിച്ചു പോയതുമായ സംഭവങ്ങളായിരുന്നു കീഴരിയൂര്‍ ബോംബ് കേസ്. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവും വീര്യം ജ്വലിക്കുന്ന ആവേശകരമായ അദ്ധ്യായമാണ് മലബാറിലെ കോഴിക്കോട് കുറുമ്പ്രനാട്ടിലെ കീഴരിയൂര്‍ ഗ്രാമത്തിലൂടെ രചിക്കപ്പെട്ടത്.

നിജീഷ്.എം.ടി.
9495084696

Summary: The Keezhriyur bomb-making project and subsequent developments