കാപ്പാട് ഇനി ചിത്രപ്രദര്‍ശനങ്ങളുടെ നാളുകള്‍; ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റയ്ക്ക് തിരിതെളിഞ്ഞു


കൊയിലാണ്ടി: ഇന്റര്‍ നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാടിന് തുടക്കമായി. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനങ്ങളില്‍ നിരവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രശസ്ത പാട്ടുകാരന്‍ സി അശ്വിനിദേവ് ഒരുക്കുന്ന ‘പാട്ടും വരെയും’ എന്ന പരിപാടിയും ഒപ്പം മധു ബാലനും ശ്രീകുമാര്‍ മേനോനും ദിലീപും ശാലിനിയും ബാബു മലയിലും ഉണ്ണികൃഷ്ണന്‍ ഇളയിടത്തിന്റെ സംഗീതം പകര്‍ന്നപ്പോള്‍ ചിത്രകാരന്മാരായ സുരേഷ് ഉണ്ണി ,ഡോ ലാല്‍ രഞ്ജിത് ചിത്രരചന നിര്‍വ്വഹിച്ചു’

റിയലിസ്റ്റിക്, ആനുകാലികം, സര്‍റിയലിസ്റ്റിക് തുടങ്ങി വിവിധ ചിത്രകല സങ്കേതങ്ങളുടെയും ചിത്രീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചിത്രപ്രദര്‍ശനത്തോടൊപ്പം വ്യത്യസ്ത ചിത്രകല ഗ്രൂപ്പുകളുടെ ലൈവ് ഷോകള്‍ ഗ്രൂപ്പ് മീറ്റിങ്ങുകള്‍ മറ്റു പരിപാടികള്‍ എല്ലാം ഇവിടെ ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

കൂടാതെ 2024 ജനുവരി 21ന് ഇന്‍ ആര്‍ട്ട് വേള്‍ഡ് എന്ന സംഘടനയുടെ വാര്‍ഷിക മീറ്റിങ്ങും ലൈവ് സ്‌കെച്ച് സൈമണ്‍ ബ്രിട്ടോ ഗാലറിയില്‍ നടക്കുന്നുണ്ട്. പ്രശസ്ത ചിത്രകാരന്‍ ശ്രീ മദനന്‍ ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 31 വരെ നീളുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ ചിത്രകാരന്‍ ബി. ടി.കെ അശോക് നയിക്കുന്ന ‘ഡേ വിത്ത് ബി ടി കെ’ എന്ന പേരില്‍ ആര്‍ട്ട് ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

നിരവധി പ്രവര്‍ത്തനങ്ങളിലൂടെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറി ലോക പ്രശസ്തിയാര്‍ജിക്കുകയാണന്ന് കോഡിനേറ്റര്‍ മാരായ മനോജ് ടി.യു, കെ. വി സന്തോഷ് എന്നിവര്‍ അഭിപ്രായപ്പെട്ടു.