വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂവെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്; സി.പി.എം നടത്തിവന്ന അനശ്ചിതകാല റിലേ നിരാഹാര സമരം അവസാനിപ്പിച്ചു


കൊയിലാണ്ടി: വ്യവസ്ഥകള്‍ പാലിച്ചേ തങ്കമല ക്വാറിയില്‍ ഖനനം നടത്താവൂ എന്ന ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സി.പി.എം നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചതായി സമരസമിതി അറിയിച്ചു. ജില്ലാ കലക്ട്രേറ്റില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.

തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഖനനം നടത്താന്‍ അനുമതിയുള്ള പ്രദേശങ്ങള്‍ പ്രത്യേകമായി അതിരിട്ട് തിരിക്കുക, മലിന ജലം കനാലിലേക്ക് ഒഴുകുന്നത് തടയുന്നത് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌ക്കരണ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിബന്ധനകള്‍ അടിയന്തരമായി നടപ്പില്‍വരുത്തണം. വൈബ്രേഷന്‍ സ്റ്റഡി നടത്തുന്നതിനായി മേഖലയിലെ വിദഗ്ധരെയും പഞ്ചായത്ത് പ്രതിനിധികളെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.

ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ യഥാസമയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ക്വാറി ഉടമകളും പഞ്ചായത്ത് പ്രതിനിധികളും വില്ലേജ് ഓഫീസറും ഉള്‍പ്പെടുന്ന സമിതി എല്ലാ ആഴ്ചയിലും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

കീഴരിയൂര്‍ തുറയൂര്‍ പഞ്ചായത്തുകളില്‍ സ്ഥിതി ചെയ്യുന്ന തങ്കമല ക്വാറിയില്‍ അനധികൃത ഖനനം നടത്തിയതിന്റെ ഭാഗമായും ക്വാറികള്‍ പാലിക്കേണ്ട എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് പാലിക്കാത്തതിന്റെ ഭാഗമായും പ്രദേശവാസികളുടെ ജനജീവിതം കൂടുതല്‍ പ്രയാസകരമായപ്പോഴാണ് സി.പി.എം നേതൃത്വത്തിലുള്ള സമരസമിതി റിലേ നിരാഹാര സമരം ആരംഭിച്ചത്. എണ്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് (ഇസി) ഉള്‍പ്പെടെ എല്ലാ വ്യവസ്ഥകളും പാലിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായി സമരസമിതി അറിയിച്ചു. ഇസിയിലെ സുപ്രധാന വ്യവസ്ഥകളിലൊന്നായ വൈബ്രേക്ഷന്‍ ഇംപാക്ട് സ്റ്റഡി നടത്താന്‍ ആവശ്യമായ കമ്മറ്റി രൂപികരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

സമരസമിതി ചെയര്‍മാന്‍ വി ഹമീദ് കണ്‍വീനര്‍ പികെ ബാബു, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെകെ നിര്‍മ്മല തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സികെ ഗിരിഷ്, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍എം സുനില്‍, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സബിന്‍ രാജ്, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ അന്‍സാര്‍ , തുറയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Summary: The District Collector’s order that mining should be carried out in Thangamala Quarry only if the conditions are met; The indefinite relay hunger strike by the CPM ended