അരിക്കുളം കുനിക്കാട്ടില്‍ അഹമ്മദിനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച സംഭവം; അക്രമികളെ പിടികൂടണമെന്നും പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും സര്‍വ്വകക്ഷി യോഗം
അരിക്കുളം: അരിക്കുളം സ്വദേശി കുനിക്കാട്ടില്‍ കുഞ്ഞമ്മദിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകര്‍ക്കുകയും ചെയ്ത അക്രമകാരികളെ പിടികൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പുറത്ത് നിന്നെത്തിയ ക്വട്ടേഷന്‍ സംഘം വീട്ടിലെത്തി കുഞ്ഞമ്മദിന്റെ വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകള്‍ അടിച്ചുതകര്‍ത്തത്. നാലില്‍ കൂടുതല്‍ ആളുകള്‍ അക്രമി സംഘത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. കുഞ്ഞമ്മദ് കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മാത്രമേ കാലുകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. സര്‍വകക്ഷിയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എ.ഇന്ദിര ആധ്യക്ഷ്യം വഹിച്ചു. സി.പ്രഭാകരന്‍, രാമചന്ദ്രന്‍ നീലാംബരി, വി.വി.എം. ബഷീര്‍, എടവന രാധാകൃഷ്ണന്‍, എം. കുഞ്ഞായന്‍ കുട്ടി, കെ.രവി, ബ്‌ളോക്ക് പഞ്ചായത്തംഗം രജില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പ്രകാശന്‍, നിജീഷ്, കെ.എം.അമ്മത് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍: ചെയര്‍മാന്‍ എ.എം.സുഗതന്‍, കണ്‍വീനര്‍ എം.കുഞ്ഞായന്‍ കുട്ടി.