കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവം; ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുന്നു


 


വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘം പരിശോധന തുടരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു നീക്കുന്നതിനിടയിലാണ് മനുഷ്യ തലയോട്ടി കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ആശങ്കയിലായ  തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

ഷട്ടര്‍ അടച്ച നിലയിലുള്ള കട കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ദുരൂഹതയേറുകയാണ്. പേപ്പര്‍, പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ആറ് മാസത്തിലേറെ പഴക്കമുണ്ടന്ന തരത്തില്‍ നിഗമനങ്ങള്‍ വരുന്നുണ്ട്.

ചോമ്പാല പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമുള്ള ഫലമറിഞ്ഞാലേ മറ്റ് നടപടികളിലേക്ക് കടക്കാനാവൂ എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.