വീടിന്റെ വരാന്തമുതല്‍ മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍; കീഴൂര്‍ തച്ചന്‍കുന്നില്‍ നാട്ടുകാരെ ഭീതിയിലാക്കിയ സംഭവത്തിന് ഒടുവില്‍ വ്യക്തതയായി
പയ്യോളി: കീഴൂര്‍ തച്ചന്‍കുന്നിലെ വീടിന്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികള്‍ കണ്ടെത്തിയത് കഴിഞ്ഞദിവസങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പയ്യോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല. തെരുവുനായയോ മറ്റോ അടിപിടികൂടിയപ്പോള്‍ രക്തംചിന്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഈ സംഭവത്തിന് പിന്നാലെ മറ്റുചില ഇടങ്ങളിലും ഇത്തരത്തില്‍ രക്തം കണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരണം നടക്കുന്നുണ്ട്. മൂടാടി പതിനൊന്നോളം വീടുകളില്‍ രക്തത്തുള്ളികള്‍ കണ്ടെന്ന തരത്തിലാണ് പ്രചരണം. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.