ഇന്റസ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം: പിടിയിലായ ചെങ്ങോട്ടുകാവ് സ്വദേശി റിമാന്‍ഡില്‍
കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ ചെങ്ങോട്ടുകാവ് സ്വദേശി റിമാന്‍ഡില്‍. മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിലിനെയാണ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മൂടാടിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. വിദേശത്തായിരുന്ന പ്രതി പെണ്‍കുട്ടിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കാറുണ്ടായിരുന്നെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഇയാളുടെ ശല്യം കാരണം പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ വിദ്യാര്‍ഥിനി ക്ലാസ് കഴിഞ്ഞ് മടങ്ങവെ, വീടിന് സമീപത്തുവെച്ച് മദ്യലഹരിയിലായിരുന്ന സജില്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതിന്റെ പേരില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
വിദ്യാര്‍ഥിനി ഇതിനെതിരെ പ്രതികരിച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് മൂന്ന് ദിവസം മുമ്പാണ് സജില്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.