വടകരയിൽ കാർ യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാരൻ മർദ്ദിച്ച സംഭവം; ബസ് ക്ലീനർ കസ്റ്റഡിയിൽ


വടകര: വടകരയിൽ കാർ യാത്രക്കാരനെ ബസ് ജീവനക്കാരൻ മർദ്ദിച്ച സംഭവത്തിൽ ബസ് ക്ലീനർ കസ്റ്റഡിയിൽ . വടകര ചാനിയംകടവ് റൂട്ടിലോടുന്ന ദേവനന്ദ ബസ്സിലെ ജീവനക്കാരനായ അനുപാണ് പോലീസ് കസ്റ്റഡിയിൽ ആയത്.

കുടുംബവുമായി സഞ്ചരിക്കുകയായിരുന്ന കാര്‍ യാത്രികനെ വടകര കുട്ടോത്ത് വെച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍ മര്‍ദിച്ചു എന്ന പരാതിയിലാണ് നടപടി. മൂരാട് സ്വദേശി സാജിദിനാണ് മര്‍ദനമേറ്റത്. ചാനിയംകടവ് റൂട്ടിലോടുന്ന ദേവനന്ദ എന്ന ബസ്സിലെ ജീവനക്കാരനെതിരെയാണ് സാജിദ് പരാതി നല്‍കിയിരുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

കുടുംബവുമൊത്ത് യാത്രചെയ്യുന്നതിനിടെ ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് സാജിദിന്റെ പരാതിയില്‍ പറയുന്നത്. കാറിനെ മറികടന്നുവന്ന ബസ് റോഡിന്റ നടുവില്‍ നിര്‍ത്തി, ഡ്രൈവിംങ്ങ് സീറ്റിലുണ്ടായിരുന്ന സാജിദിനെ പുറത്തിറക്കി മര്‍ദിച്ചെന്നാണ് ആരോപണം. ചെക്കോട്ടി ബസാറിലെ മരണവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം.