പഴകിയ ഭക്ഷണങ്ങൾ കണ്ടെടുത്തു; ആനക്കുളത്ത് റെസ്റ്റോറന്റിന് പൂട്ട് വീണു


കൊയിലാണ്ടി: പഴകിയ ആഹാരപദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആനകുളത്തെ ഹോട്ടൽ അടച്ചു പൂട്ടി. ആനക്കുളം വൈബ്‌’സ് റസ്റ്റോറന്റിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. പഴകിയ ഭക്ഷണത്തോടൊപ്പം തന്നെ ധാരാളം ഭക്ഷണം ഫ്രിഡ്ജിൽ പാകം ചെയ്തു വെച്ചിരിക്കുന്നതായും കണ്ടെത്തി.

കൊയിലാണ്ടി നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പാചകം ചെയ്ത കോഴി ഇറച്ചിയും മറ്റും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. പഴകിയ ഭക്ഷണ പദാർത്ഥങ്ങളും വലിയ അളവിൽ കണ്ടെത്തിയതായി ജെ.എച്ച്.ഐ ഷിജിന കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഹോട്ടലിന് നോട്ടീസ് നൽകുകയും അടച്ചു പൂട്ടുവാൻ നിർദ്ദേശം നൽകിയതായും അവർ കൂട്ടിച്ചേർത്തു.

ഷിജിനയോടൊപ്പം ജെ .എച്ച്.ഐ ഷീബയും നേതൃത്വം നൽകി. സുരേന്ദ്രൻ, നന്ദു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.