”പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് എന്തിനാണ് ആനകളെ നിര്‍ത്തിയത്”? കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്രഭാരവാഹികളോടും ദേവസത്തോടും ചോദ്യവുമായി ഹൈക്കോടതി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവത്തില്‍ ക്ഷേത്രഭാരവാഹികളെയും ഗുരുവായൂര്‍ ദേവസ്വത്തെയും വിമര്‍ശിച്ച് ഹൈക്കോടതി. പടക്കം പൊട്ടിക്കുന്ന സ്ഥലത്താണ് ആനകളെ നിര്‍ത്തിയത് . എന്തുകൊണ്ടാണ് ആനകളെ ഇങ്ങനെ നിര്‍ത്തിയത് എന്ന ചോദ്യമാണ് കോടതി മുന്നോട്ടുവെച്ചത്. പടക്കം പൊട്ടിക്കുന്നതിന് ക്ഷേത്ര ഭാരവാഹികള്‍ അനുമതി തേടിയിട്ടില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.

ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ദേവസ്വത്തിന്റെ കടമയാണ് എന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ആനകളെ തുടര്‍ച്ചയായി യാത്ര ചെയ്യിച്ചത് എന്തിനാണ് എന്നതായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. 25 കിലോമീറ്റര്‍ വേഗതയിലാണ് വാഹനത്തില്‍ ആനകളെ കൊണ്ടുപോയതെന്ന് ഗുരുവായൂര്‍ ദേവസം അറിയിച്ചിരുന്നു. ഒന്നരമാസമായി ആനകളെ പലയിടത്തായി എഴുന്നള്ളത്തിന് കൊണ്ടുപോകുന്നുണ്ട് എന്നത് രജിസ്റ്ററില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഒരു ദിവസം നൂറ് കിലോമീറ്ററില്‍ അധികം ആനകള്‍ യാത്ര ചെയ്തതായും വ്യക്തമായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആന ഇടഞ്ഞത്. മൂന്നുപേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Summary:: The High Court has questioned the temple authorities and the Devaswat regarding the death of three people after being run over by an elephant in Koyilandy