ടിക്കറ്റ് വരുമാനവും യാത്രക്കാരുടെ എണ്ണവും കൂടി; കൊയിലാണ്ടി സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ന്നു, വികസന സാധ്യതയേറുന്നു


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ക്കും വികസന സ്വപ്‌നങ്ങള്‍ക്കും സാധ്യത ഏറ്റിക്കൊണ്ട് റെയില്‍വേ സ്റ്റേഷന്റെ ഗ്രേഡില്‍ ഉയര്‍ച്ച. നിലവില്‍ വടകര സ്റ്റേഷനൊക്കെ ഉള്‍പ്പെടുന്ന എന്‍.എസ്.ജി ഗ്രേഡ് മൂന്നിലേക്ക് കൊയിലാണ്ടി ഉള്‍പ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലും യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയും പരിഗണിച്ചാണ് റെയില്‍വേ ഉയര്‍ന്ന ഗ്രേഡ് നല്‍കിയത്.

ഗ്രേഡ് ഉയര്‍ന്നതിനാല്‍ കൊയിലാണ്ടിയില്‍ കൂടുതല്‍ വണ്ടികള്‍ നിര്‍ത്താനും സ്റ്റേഷന്റെ ഭൗതിക നില മെച്ചപ്പെടാനുമുള്ള സാധ്യതകള്‍ ഏറുകയാണ്. കൂടാതെ ഗ്രേഡ് മൂന്ന് സ്റ്റേഷനുകള്‍ മിക്കതും അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നുണ്ട്. കൊയിലാണ്ടിയിലും വരുംകാലം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ടേക്കാം.

മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസും കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസും കൊയിലാണ്ടിയില്‍ നിര്‍ത്തണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഈ ആവശ്യം പരിഗണിക്കപ്പെട്ടാല്‍ യാത്രക്കാരുടെ എണ്ണം ഇനിയും കൂടും. പ്രതിവാരവണ്ടികളായ തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ് (നമ്പര്‍ 16336), കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് എന്നിവയുടെ ഒരുവശത്തേക്കുള്ള സ്റ്റോപ്പ് കോവിഡിനുശേഷം എടുത്തുമാറ്റിയിട്ടുണ്ട്. ഈ വണ്ടികള്‍ക്ക് വീണ്ടും സ്റ്റോപ്പനുവദിക്കണം. നേത്രാവതി എക്‌സ്പ്രസ്, മംഗലാപുരം-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് എന്നിവയും കൊയിലാണ്ടിയില്‍ നിര്‍ത്തണം.

കൊയിലാണ്ടി സ്റ്റേഷനില്‍ ടിക്കറ്റ് റിസര്‍വേഷന്‍ വര്‍ധിപ്പിക്കാനും നടപടിവേണം. അതുകൂടാതെ പ്ലാറ്റ്‌ഫോം മേല്‍ക്കൂര ഇരുഭാഗത്തേക്കും നീട്ടണം. മിക്കവണ്ടികളുടെയും മുന്നിലെയും പിന്നിലെയും കമ്പാര്‍ട്ട്മെന്റുകള്‍ വന്നുനില്‍ക്കുക പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂരയില്ലാത്ത ഭാഗത്താണ്. മഴയുള്ള സമയത്ത് യാത്രക്കാര്‍ മഴകൊണ്ട് ട്രെയിനിലേക്ക് കയറേണ്ടിവരുന്ന സ്ഥിതിയുണ്ട്. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ മതിയായ സൗകര്യം വേണം. പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അപ്പുറവും ഇപ്പുറവും സഞ്ചരിക്കാന്‍ നിലവില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജാണുള്ളത്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇതിലൂടെ സഞ്ചരിക്കാന്‍ പ്രയാസമുണ്ട്. നിലവില്‍ ഇവിടെ പ്രവൃത്തി നടക്കുന്നുണ്ട്. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരമാവധി വേഗത്തില്‍ ഏര്‍പ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പുതിയ സ്ഥാനപ്പട്ടികയനുസരിച്ച് കാസര്‍കോട്, പയ്യന്നൂര്‍, കൊയിലാണ്ടി, ഒറ്റപ്പാലം, തിരുവല്ല, വര്‍ക്കല സ്റ്റേഷനുകളാണ് നോണ്‍ സബ് അര്‍ബന്‍ ഗ്രൂപ്പ്-എന്‍.എസ്.ജി. മൂന്ന് എന്ന ഗ്രൂപ്പില്‍ ഇടംപിടിച്ചത്.

Summary: The grade of Koyilandy railway station upgraded