മണിക്കൂറുകളുടെ ആശങ്ക, നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണം തിരികെ കെെകളിലേക്ക്; പെരുവട്ടൂർ സ്വദേശിനിയുടെ സത്യസന്ധതയ്ക്ക് കെെയ്യടി


കൊയിലാണ്ടി: കൊയിലാണ്ടി ബസ്റ്റാൻഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് കൊയിലാണ്ടി ട്രാഫിക് പോലീസും കമലയും. പെരുവട്ടൂർ സ്വദേശിയായ കമല എ കെ കണ്ടൻ ചാത്തനായിക്കായിരുന്നു ഒരു പവനോളം വരുന്ന സ്വർണാഭരണം കളഞ്ഞു കിട്ടിയത്. തുടർന്ന് സ്വർണാഭരണം ഇവർ കൊയിലാണ്ടി ട്രാഫിക് യൂണിറ്റിൽ ജോലി ചെയ്യുന്ന ഹോം ഗാർഡിനെ ഏൽപ്പിക്കുകയായിരുന്നു.

ട്രാഫിക് പോലീസ് നടത്തിയ അന്വേഷണത്തിൽ റാഹില ആയിഷസ് പുത്തൻ പള്ളി എന്നയാളുടേതാണ് സ്വർണ്ണാഭരണം എന്ന് കണ്ടെത്തുകയായിരുന്നു. ട്രാഫിക് എസ് ഐ പുരുഷോത്തമൻ വിജേഷ്, സി പി ഓ ശ്രീജിത്ത് രാമചന്ദ്രൻ വി എസ് എന്നിവരുടെ സാനിധ്യത്തിൽ കമല ഉടമയ്ക്ക് സ്വർണ്ണം തിരികെ നൽകി.