പൊയിൽക്കാവിൽ അപകടത്തിൽപ്പെട്ടത് കല്ലുകളുമായി പോയ മിനി ലോറി; ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു, കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു


കൊയിലാണ്ടി: പൊയിൽക്കാവിൽ അപകടത്തിൽ പെട്ടത് കല്ലുകളുമായി പോയ മിനി ലോറി, ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു, കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പൊയിൽക്കാവ് ദേശിയ ഹൈവേയിൽ വെച്ച് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.

ചെങ്കല്ലു കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മഹിന്ദ്ര മിനി ലോറിയും വടകര ഭാഗത്തേക്ക് പോകുന്ന റെനോൾട്ട് ക്വിഡ് കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാർ നിയന്ത്രണം വിടുകയും ചെയ്തു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

മിനി ലോറി മലപ്പുറത്തേയ്ക്ക് കല്ല് കയറ്റി പോവുകയായിരുന്നു എന്നാണ് വിവരം. കാർ എറണാകുളത്ത് നിന്നു കണ്ണൂരിലെക്ക് പോവുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ ചക്കരക്കല്ല്ത ലമുണ്ട വലിയവളപ്പിൽ രാജൻ്റെ മകൻ നിജീഷ് (36), ചക്കരകല്ല് യെച്ചുർ ഹൗസിൽ ശശിയുടെ മകൻ ശരത്ത് (32) എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന ചക്കരക്കല്ല് നൈവികയിൽ രാഘവൻ്റെ മകൻ സജിത്ത്, ലോറി ഡ്രൈവർ മലപ്പുറം തടവണ്ണപ്പാറ തറക്കണ്ടത്തിൽ സാദിഖ് എന്നിവർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.

വിവരമറിഞ്ഞ് ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സും, പോലീസും സംഭവ സ്ഥലത്തെത്തുകയും നാട്ടുകാരോടൊപ്പം 108 ആംബുലന്‍സില്‍ ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ശേഷമാണു കണ്ണൂർ സ്വദേശികൾ മരിച്ചത്.