എത്തില്ലെന്ന് പറഞ്ഞ അരളിയും എത്തി; പലനിറത്തിലുള്ള പൂക്കളുമായി കൊയിലാണ്ടിയില്‍ പൂവിപണി സജീവം, ചെണ്ടുമല്ലികളുമായി പ്രാദേശിക കര്‍ഷകരും തയ്യാര്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെങ്ങും ഇപ്പോള്‍ വര്‍ണ്ണങ്ങളാണ്, അതി സുന്ദരമായ പൂക്കളുടെ വര്‍ണ്ണം. അത്തം പിറന്നപ്പോഴെക്കും കൊയിലാണ്ടിയില്‍ പൂവണിയും സജീവമായി. ബസ് സ്റ്റാന്റ് പരിസരം, ടൗണ്‍ഹാള്‍ പരിസരം, ടോള്‍ബൂത്തിന് സമീപം, സ്റ്റേഡിയം പരിസരത്തും ഫുട്പാത്ത്, മാര്‍ക്കറ്റ് പരിസരം, കൊല്ലം എന്നിങ്ങനെ കൊയിലാണ്ടിയില്‍ എവിടെ തിരിഞ്ഞാലും അധികം ദൂരത്തല്ലാതെ കാണാം വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വില്‍ക്കാനിട്ടിരിക്കുന്നത്.
ചെണ്ടുമല്ലികള്‍ മഞ്ഞയും ഓറഞ്ചും, റോസ്, ജമന്തി, മല്ലിക എന്നിവയാണ് വിപണിയിലുള്ളത്. ജീവഹാനിക്ക് ഇടയാക്കുമെന്ന കാരണത്താല്‍ അരളിപ്പൂ ഇത്തവണ വിപണിയിലുണ്ടാവില്ലെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നുമുതല്‍ അരളിയും വിപണിയിലെത്തി കഴിഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു. നാളെ മുതല്‍ പൂവിപണി കുറേക്കൂടി സജീവമാകുമെന്നും വെള്ളിയാഴ്ച സ്‌കൂളുകളിലെ ആഘോഷം നടക്കുന്നതിനാല്‍ കൂടുതല്‍ കച്ചവടം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊയിലാണ്ടിയില്‍ പൂക്കച്ചവടം നടത്തുന്ന സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
സമയക്കുറവ് കാരണവും കുട്ടികള്‍ക്ക് പരീക്ഷാ ചൂട് കാരണവുമെല്ലാം പഴയതുപോലെ ആളുകള്‍ പൂ പറിച്ച് പൂക്കളമൊരുക്കുന്നത് കുറവാണ്. ഇതും പൂവിണി കൂടുതല്‍ സജീവമാക്കുന്നുണ്ട്. കൂടാതെ ഓണാഘോഷങ്ങള്‍ക്കുവേണ്ടി സ്‌കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലുമെല്ലാം വലിയ തോതില്‍ പൂക്കള്‍ വാങ്ങുന്നതും പൂ കച്ചവടത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.
ഗുണ്ടല്‍പേട്ട, ഗൂഡല്ലൂര്‍, നെഞ്ചങ്ങോട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കൊയിലാണ്ടിയില്‍ പൂക്കളെത്തുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി പ്രാദേശികമായി പലയിടങ്ങളിലും ചെണ്ടുമല്ലികള്‍ കൃഷി ചെയ്യുന്നുണ്ട്. ഇതും വിപണിയിലുണ്ട്. മൂടാടിയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പല ഭാഗങ്ങളിലായി വലിയ തോതില്‍ ചെണ്ടുമല്ലി കൃഷി ചെയ്തത് വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു.
ആവശ്യക്കാര്‍ക്ക് നേരിട്ട് തോട്ടങ്ങളിലെത്തി ഫ്രഷായ പൂവാങ്ങാമെന്ന സൗകര്യവും ഇവിടെയുണ്ട്. ചേമഞ്ചേരി യു.പി സ്‌കൂള്‍, പുളിയഞ്ചേരി യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലും ചെണ്ടുമല്ലികള്‍ തയ്യാറാണ്.
Summary: The flower market is active in Koyilandy with colorful flowers