ഒരുനാട് ഒന്നിച്ചപ്പോള്‍ ലഭിച്ചത് അടച്ചുറപ്പ് ഉള്ള വീട്; മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പ്രകാശന്റെ കുടുംബത്തിനായി ജനകീയകമ്മിറ്റി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി



മേപ്പയ്യൂര്‍: വിളയാട്ടൂരിലെ നെല്യാട്ടുമ്മല്‍ പ്രകാശന്റെ കുടുംബത്തിന് ജനകീയ കമ്മിറ്റി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം നടന്നു. അപകടത്തില്‍ മരണപ്പെട്ട പ്രകാശന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാനായി 16 ആം വാര്‍ഡിലെ ജനങ്ങളും വിവിധ രാഷ്ട്രീയപാര്‍ട്ടികളും ഗള്‍ഫ് പ്രതിനിധികളും മുന്നിട്ടാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

വിളയാട്ടൂരിലെ മൂട്ടപ്പറമ്പില്‍ രണ്ട് മുറികളും ഡൈനിംഗ് ഹാള്‍, അടുക്കള, ശുചിമുറി, സ്റ്റോര്‍ റൂം തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ വീടാണ് ജനകീയകമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയത്. രണ്ടുവര്‍ഷം കൊണ്ട് എല്ലാ പണികളും പൂര്‍ത്തിയാക്കിയ വീടിനായി പതിനൊന്നര ലക്ഷം രൂപയാണ് ചിലവായത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.പി. ബിജു അധ്യക്ഷനായി. നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ടി.കെ. ചന്ദ്രബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, കെ.എം സത്യേന്ദ്രന്‍, കൂനിയത്ത് നാരായണന്‍കിടാവ്, കെ.പി. അബ്ദുള്‍സലാം, ഇ.കെ ശങ്കരന്‍, സുനില്‍ ഓടയില്‍, എന്‍. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ പി.സി കുഞ്ഞിരാമന്‍ സ്വാഗതവും കെ.കെ. രാജേഷ് നന്ദിയും പറഞ്ഞു.