മുഴുവന്‍ വിദ്യാലയങ്ങളിലും ശുചിത്വ മാലിന്യ സംസ്‌കരണം, ജൈവ പച്ചക്കറി കൃഷി, പരിസര ശുചിത്വം ജലസംരക്ഷണം തുടങ്ങി നിരവധി പദ്ധതികള്‍; ഹരിതവിദ്യാലയമാകാനൊരുങ്ങി കൊയിലാണ്ടി നഗരസഭയിലെ വിദ്യാലയങ്ങള്‍


കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയം ആവാനൊരുങ്ങുന്നു. ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് 2024 ഒക്ടോബര്‍ 2 (ഗാന്ധി ജയന്തി) മുതല്‍ 2025 മാര്‍ച്ച് 30 വരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂളുകളും പങ്കാളികളാവുന്നു.

മുഴുവന്‍ വിദ്യാലയങ്ങളിലെയും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും പിടിഎ പ്രസിഡണ്ട് മാരുടെയും, ശുചിത്വ ചാര്‍ജ് വഹിക്കുന്ന അധ്യാപകരുടെയും യോഗത്തിലാണ് ഹരിത വിദ്യാലയം ആക്കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. നവംബര്‍ ഒന്നിന് നഗരസഭയിലെ 50% വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങള്‍ ആയി മാറ്റി പ്രഖ്യാപനം നടത്തുമെന്നും ഡിസംബര്‍ മാസത്തില്‍ മുഴുവന്‍ വിദ്യാലയങ്ങളിലും ശുചിത്വ മാലിന്യ സംസ്‌കരണം, ജൈവ പച്ചക്കറി കൃഷി, പച്ച തുരുത്ത്, ജലസംരക്ഷണം,ഊര്‍ജ്ജ സംരക്ഷണം, പരിസര ശുചിത്വം, വൃത്തിയുള്ള ശൗചാലയങ്ങള്‍, മലിനജല സംസ്‌കരണം, ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം എന്നിവയെ അടിസ്ഥാനമാക്കി പരിശോധന നടത്തി ഗ്രേഡ് ചെയ്ത് വിലയിരുത്തലിലൂടെ ഏറ്റവും നല്ല ഹരിത വിദ്യാലയത്തെ കണ്ടെത്തി ‘ഹരിത വിദ്യാലയ അവാര്‍ഡ്’ നല്‍കുന്നതാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കെപി അറിയിച്ചു.
ശുചിത്വ അവബോധം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.

1. ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണത്തിന്റെ 10% കുട്ടികളെ ഗ്രീന്‍ അംബാസിഡറായി നിയോഗിക്കുക
2. എല്ലാ തിങ്കളാഴ്ചയും എല്ലാ ക്ലാസുകളിലും ശുചിത്വ പ്രതിജ്ഞ ചൊല്ലുക
3. എല്ലാ ക്ലാസിലും ശുചിത്വ ക്വിസ് മത്സരങ്ങള്‍ നടത്തുക
4. ഓരോ ക്ലാസ് റൂമുകളിലും തരംതിരിച്ച് (പ്ലാസ്റ്റിക് വസ്തുക്കള്‍ / പേപ്പര്‍) വെക്കാനുള്ള ബിന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള കലക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ ബിന്നുകളില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നു. എന്ന് ഉറപ്പുവരുത്തുകയും തരംതിരിച്ച് ശേഖരിച്ചവ എല്ലാമാസവും ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ നല്‍കി കൈമാറേണ്ടതുമാണ്.
5. ജൈവമാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നു എന്ന് ഉറപ്പുവരുത്തുക
6. സ്‌കൂളും പരിസരവും ചെടികള്‍ നട്ട് സൗന്ദര്യപ്പെടുത്തുക
7. ജൈവ പച്ചക്കറി കൃഷി നടത്തുക
8. ഉപയോഗ ശേഷമുള്ള പേനകള്‍ ശേഖരിക്കുക
9. ശുചിത്വ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രരചന എല്ലാ ക്ലാസുകളിലും മത്സരം നടത്തുക
10. ശുചിത്വവുമായി ബന്ധപ്പെട്ട ഉപന്യാസങ്ങള്‍ എല്ലാ ക്ലാസിലും നടത്തുക

11. ഹരിത വിദ്യാലയമായി മാറ്റുന്നതിനുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുക
12. മേല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കൃത്യമായ രേഖകള്‍ സൂക്ഷിക്കുക
13. കുട്ടികള്‍ ഭക്ഷണവും പാഴാക്കുന്നില്ല എന്ന് ഉറപ്പുവരുത്തി മിതവ്യയശീലം വളര്‍ത്തുക.
14. ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ക്ലാസ് റൂമുകളിലെ ലൈറ്റും ഫാനും സൂക്ഷിച്ച് ഉപയോഗിക്കാനുള്ള ആകര്‍ഷകമായതും രസകരമായതുമായ സന്ദേശ / നിര്‍ദ്ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കുക.

15. സ്‌കൂളില്‍ കുട്ടികളുടെ കൂട്ടായ്മയിലൂടെ പച്ച തുരുത്തുകളോ ജൈവവൈവിധ്യ ഉദ്യാനങ്ങളും ശലഭോദ്യാനങ്ങളും നിര്‍മ്മിച്ച് ആകര്‍ഷകമാക്കുകയും ക്യാമ്പസിലെ ചെടികളുടെയും മരങ്ങളുടെയും ശാസ്ത്രീയ നാമം അടക്കം പറയുന്ന ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനവും ഏറ്റെടുത്ത് കാര്യക്ഷമമാക്കുക.
16. ശൗചാലയങ്ങള്‍ ശുചിത്വമുള്ളവയാണെന്ന് ഗ്രീന്‍ അംബാസിഡര്‍മാരുടെ ദിവസേനയുള്ള വിലയിരുത്തല്‍ നടപ്പിലാക്കണം.വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
17. ജലസംരക്ഷണത്തിനായി കൈകഴുകുന്ന പൈപ്പിനടുത്ത് സന്ദേശ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും മോണിറ്റര്‍ ചെയ്യുകയും ചെയ്യാവുന്നതാണ്.

18. മലിനജലം പരന്ന് ഒഴുകി പരിസരം വൃത്തികേട് ആവുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
19. സ്‌കൂളില്‍ നടക്കുന്ന എല്ലാ യോഗങ്ങളിലും ആഘോഷങ്ങളിലും കലോത്സവങ്ങളിലും ഗ്രീന്‍ ഫോട്ടോകള്‍ പാലിക്കുന്നുണ്ടെന്ന് ഗ്രീന്‍ അംബാസിഡര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്.
20. നിശ്ചിത ഇടവേളകളില്‍ ക്ലീനിങ് ഡ്രൈവര്‍ നടത്തേണ്ടതാണ്.
21. സ്‌കൂളുകളില്‍ ഹരിത വിദ്യാലയത്തിനായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി ഡോക്യുമെന്റേഷന്‍ ചെയ്തു റിപ്പോര്‍ട്ട് തയ്യാറാക്കി സൂക്ഷിക്കേണ്ടതുമാണ്
22. ശുചിത്വ ബോധം ഉളവാക്കുന്ന ശില്‍പ്പങ്ങള്‍ ചിത്രങ്ങള്‍, സന്ദേശങ്ങള്‍, പാര്‍ക്കുകള്‍, സ്‌നേഹാരാമങ്ങള്‍, തുടങ്ങിയവ സ്‌കൂളുകളില്‍ നിര്‍മ്മിക്കുക.

നഗരസഭയില്‍ ചേര്‍ന്ന് യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കെ പി അധ്യക്ഷത വഹിച്ചു നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവകൊടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. എ ഇന്നിര ടീച്ചര്‍, കൗണ്‍സിലര്‍ രമേശന്‍ മാസ്റ്റര്‍,നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ്,നവ കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ നിരഞ്ജന എന്നിവര്‍ സംസാരിച്ചു.