കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ ഇനി മാറും; നഗരപാതാ വികസന പദ്ധതിയിലെ റോഡുകള്‍ക്കായി 1312.67 കോടി അനുവദിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ തന്നെ ഇനി മാറും. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നഗരപാതാ വികസന പദ്ധതിയിലെ റോഡുകള്‍ക്കായി 1312.67 കോടി അനുവദിച്ചു. 2 റോഡുകള്‍ ആകെ 45.28 കിലോമീറ്റര്‍ നീളത്തിലാണ് വികസിപ്പിക്കുന്നത്.
നഗരപാത രണ്ടാംഘട്ടത്തിലുള്‍പ്പെട്ട (സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ്) 12 റോഡുകള്‍ക്കായാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. നിലവില്‍ ഭൂമി ഏറ്റെടുക്കലിനും നിര്‍മാണത്തിനുമായാണ് 1312.7 കോടി അനുവദിച്ചത്. ഭൂമിയേറ്റെടുക്കാന്‍ 720.39 കോടിയും റോഡ് നിര്‍മാണത്തിന് 592.28 കോടിയുമാണുള്ളത്.
മാനാഞ്ചിറ-പാവങ്ങാട് റോഡിന്റെ ഭൂമിയേറ്റെടുക്കാനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിട്ടുള്ളത്-189.12 കോടി. നിര്‍മാണത്തിനുള്ള തുകയ്ക്ക് പുറമേയാണിത്. 2020ല്‍ തന്നെ നഗരപാത രണ്ടാംഘട്ട റോഡുകളുടെ സര്‍വേ പൂര്‍ത്തിയായിരുന്നു. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദപദ്ധതിരേഖ തയ്യാറാക്കിയത്. എന്നാല്‍ കോവിഡും മറ്റ് പല കാരണങ്ങളാലും പദ്ധതി നീണ്ടു പോവുകയായിരുന്നു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മൂന്നുവട്ടം റോഡ് വികസനവുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ചര്‍ച്ചനടത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ അത്തരം ശ്രമത്തിന്റെ ഫലമായാണ് 1312 കോടിക്ക് അനുമതിയായിട്ടുള്ളത്.