ഡയാലിസിസിനായി കൊയിലാണ്ടിയിലെ രോഗികള്‍ ഇപ്പോഴും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട സ്ഥിതി; രണ്ട് വര്‍ഷത്തിനിപ്പുറവും താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് വിപുലീകരണം യാഥാര്‍ത്ഥ്യമായില്ല
ജിന്‍സി ബാലകൃഷ്ണന്‍
കൊയിലാണ്ടി: ഏറെക്കാലമായി കൊയിലാണ്ടിയുടെ ആവശ്യമായിരുന്ന താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് വിപുലപ്പെടുത്തല്‍ ഇനിയും യാഥാര്‍ത്ഥ്യമായില്ല. നാലു ഷിഫ്റ്റുകളായി അന്‍പതോളം പേര്‍ക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റര്‍ വിപുലീകരിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഫണ്ട് കയ്യിലുണ്ടായിരുന്നിട്ടും ഇപ്പോഴും രണ്ട് ഷിഫ്റ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
165 പേരാണ് നിലവില്‍ ഡയാലിസിസിനായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ 85 ഓളം ഡയാലിസിസ് ചെയ്യാനായത്. താലൂക്ക് ആശുപത്രിയില്‍ സൗകര്യം കിട്ടിയില്ലെങ്കില്‍ കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലെയോ കോഴിക്കോട്ടെയോ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലെയോ സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടിവരും. രോഗങ്ങളുണ്ടാക്കിയ സാമ്പത്തിക പ്രയാസങ്ങള്‍ക്കൊപ്പം ചികിത്സയ്ക്കുവേണ്ടി വലിയ തോതില്‍ യാത്ര ചെലവ് കൂടി പാവപ്പെട്ട രോഗികളെ സംബന്ധിച്ച് താങ്ങാനാവാത്തതാണ്. പലര്‍ക്കും രാത്രി ഒരു മണിക്കും രണ്ടുമണിക്കുമൊക്കെയാണോ ചില ആശുപത്രികളില്‍ സ്ലോട്ട് അനുവദിച്ചുകിട്ടുന്നത്. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് ഈ സമയങ്ങളില്‍ പൊതുഗതാഗത്തെ ആശ്രയിക്കാനും കഴിയില്ല. ഇത് വലിയ സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കുന്നുണ്ടെന്നാണ് രോഗികള്‍ പറയുന്നത്.
കൊയിലാണ്ടിയില്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്ത് കിട്ടാതായതോടെ കഴിഞ്ഞ ഒന്നര കൊല്ലത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഡയാലിസിസ് ചെയ്യുന്നതെന്ന് പുളിയഞ്ചേരി സ്വദേശിയായ രോഗി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ” രാത്രി പത്തരയ്ക്കാണ് മെഡിക്കല്‍ കോളേജിലെത്തേണ്ടത്. ഡയാലിസിസ് കഴിയണമെങ്കില്‍ പുലര്‍ച്ചെ രണ്ടരയാകും. ഏതാണ്ട് അഞ്ച് മണിയാകും തിരിച്ച് വീട്ടിലെത്താന്‍. ഈ സമയത്തായതിനാല്‍ വണ്ടി വിളിച്ച് പോകണം. 1500 രൂപയോളമാകും. മാത്രമല്ല, ഇത്രയും ദൂരം പോയിവരുന്ന ഡയാലിസിസ് ചെയ്യുന്നയാളെ സംബന്ധിച്ച് ക്ഷീണം ഇരട്ടിയാക്കും.” അദ്ദേഹം പറയുന്നു.
പൊതുഗതാതത്തെ ആശ്രയിച്ച് ഡയാലിസിസിനായി പോകുന്ന ഒരു രോഗി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത് തിരിച്ച് കൊയിലാണ്ടി സ്റ്റാന്റില്‍ ബസിറങ്ങിയാല്‍ ക്ഷീണം കൊണ്ട് ഒരടി നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണെന്നാണ്. കുറേനേരം ബസ് സ്റ്റാന്റില്‍ ഇരുന്ന് തളര്‍ച്ച മാറ്റിയശേഷമാണ് വീട്ടിലേക്ക് മടങ്ങാറ്. കൊയിലാണ്ടിയിലാണെങ്കില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് പോയിവരാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.
ഡയാലിസിസ് ചെയ്തതിനെ തുടര്‍ന്നുണ്ടാകുന്ന മലിന ജലം ഒഴുക്കുവിടാനുള്ള ടാങ്കില്ല എന്നതാണ് യൂണിറ്റ് വിപുലപ്പെടുത്തല്‍ വൈകുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്. നിലവില്‍ അടപ്പില്ലാത്ത ടാങ്കിലാണ് ഡയാലിസിസ് യൂണിറ്റില്‍ നിന്നുള്ള വെള്ളമെത്തുന്നത്. ഇവിടെ നിന്നും ആശുപത്രി കെട്ടിടത്തിന് സമീപത്തുള്ള കുഴിയിലേക്ക് പമ്പ് ചെയ്യുകയാണ് ചെയ്തത്. ആശുപത്രിയിലെ മറ്റ് മാലിന്യങ്ങളും ഒഴുക്കിവിടുന്നത് ഈ കുഴിയിലാണ്.
ടാങ്ക് നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ നഗരസഭ ഫണ്ടായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇതിന് സ്ഥലം കണ്ടെത്താനാവാത്തതാണ് നിര്‍മ്മാണം വൈകാന്‍ കാരണമാകുന്നതെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജില കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആശുപത്രിയിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ പലതും പരിശോധിച്ചപ്പോള്‍ അവിടെ പഴയ ടാങ്കുകള്‍ ഉള്ളതും മറ്റും കാരണം ടാങ്ക് നിര്‍മ്മിക്കാനാവാത്ത സാഹചര്യമാണ്. പുതിയ കെട്ടിടത്തിന്റെ രൂപരേഖയും മറ്റും ആയതിന് പിന്നാലെ നടത്തിയ ചര്‍ച്ചയില്‍ ടാങ്കിന് അനുയോജ്യമായ സ്ഥളം കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു.
1.65ലക്ഷം രൂപയാണ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ വിപുലീകരിക്കാനായി പൊതുജനങ്ങല്‍ നിന്ന് പിരിച്ചെടുത്തത്. ഇതില്‍ ഒന്നരക്കോടി രൂപയോളം സ്ഥിരനിക്ഷേപമായിട്ടിരിക്കുകയാണ്. ഈ ഫണ്ട് വെറുതെ കിടക്കുന്ന അവസ്ഥയാണ് നിലവില്‍. എത്രയും പെട്ടെന്ന് ഇതിന് പരിഹാരമുണ്ടാകണമെന്നാണ് പാവപ്പെട്ട രോഗികള്‍ ആവശ്യപ്പെടുന്നത്.