പിഷാരികാവില്‍ എഴുന്നളളിപ്പിനായി എത്തിച്ച ആന പാപ്പാനുമായി ഇടഞ്ഞു; എഴുന്നളളിപ്പില്‍ നിന്നും ആനയെ മാറ്റി


കൊയിലാണ്ടി: പിഷാരികാവില്‍ എഴുന്നളളിപ്പിനെത്തിയ ആന പാപ്പാനുമായി ഇടഞ്ഞു. ഇന്നലെ രാവിലെയോടെയാണ് സംഭവം. എഴുന്നളളിപ്പിനായി എത്തിച്ച ഗജവീരന്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ദേവദാസാണ് ഇടഞ്ഞത്.

ഇന്നലെ രാവിലെയുളള എഴുന്നളളിപ്പിന് ശേഷം ആനപ്പന്തിയിലേക്ക് കൊണ്ടുപോയപ്പോളാണ് ആനയുടെ പെരുമാറ്റത്തില്‍ പന്തികേട് പാപ്പാന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ആനയുടെ സമീപത്തേക്ക് ആരെയും കടത്തിവിട്ടില്ല. പാപ്പാനുമായി ഇടഞ്ഞതിനാല്‍ പിന്നീടുളള മറ്റ് പരിപാടികളില്‍ ആനയെ ഉള്‍പ്പെടുത്തിയില്ല.

വൈകീട്ടത്തെ കാഴ്ചശീവേലിക്ക് എഴുന്നളളിപ്പിനായി മറ്റൊരു ആനയാണ് ഇറങ്ങിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ തന്നെ എലിഫന്റ് സ്‌ക്വാഡ് എത്തി ആനയെ തിരിച്ചു കൊണ്ടു പോയി.