മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം പെന്‍ഷന്‍; മസ്റ്ററിങ് പൂര്‍ത്തിയാക്കാനാവാതെ വലഞ്ഞ് വയോജനങ്ങള്‍


കോഴിക്കോട്: വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ മസ്റ്ററിങ് ചെയ്യാനാകാതെ വലയുന്നു. മസ്റ്ററിങ് നടപടി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കൂവെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് രണ്ട് ദിവസമായി പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രങ്ങളിലെത്തി മടങ്ങുകയാണ്. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ രണ്ടു ദിവസമായി മസ്റ്ററിങ് നിര്‍ത്തിവെച്ചിരിക്കയാണ്.

വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മസ്റ്ററിങ് ക്യാമ്പ് നടത്തുന്നുവെന്ന് അറിയിച്ചെങ്കിലും സെര്‍വറിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മാറ്റിവെക്കേണ്ടിവന്നു. ഭൂരിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളും ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവരാണ് . ശക്തമായ മഴയെ അവഗണിച്ചാണ് പലരും അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന ഇവര്‍ക്ക് മസ്റ്ററിങ്ങില്ലെന്ന വിവരമറിയുന്നതോടെ നിരാശയോടെ മടങ്ങേണ്ടി വരികയാണ്.

2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ചവര്‍ ഓഗസ്റ്റ് 24-ന് മുന്‍പ് മസ്റ്ററിങ് നടത്തണം. വിധവ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ കൂടാതെ വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ വാങ്ങുന്നവരെല്ലാം മസ്റ്ററിങ് ചെയ്യണം.സെര്‍വറിന്റെ വേഗക്കുറവ് കാരണം മസ്റ്ററിങ് നടപടികള്‍ വളരെ സാവധാനം മാത്രമേ പൂര്‍ത്തിയാക്കാനാവുന്നുള്ളൂവെന്ന് അക്ഷയ സംരംഭകര്‍ പറയുന്നു.