‘ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കണം’; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെന്നത് വാക്കില്‍ വന്ന പിഴവ്, വിശദീകരണവുമായി സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പ്രധാനാധ്യാപിക
പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി ഭക്ഷ്യ വിഭവസമാഹരണം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പ്രധാനാധ്യാപിക. അത് തന്റെ വാക്കില്‍ വന്ന ഒരു പിഴവാണെന്നും അതില്‍ ഖേദിക്കുന്നതായും അധ്യാപിക കൂട്ടിച്ചേര്‍ത്തു.
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നല്‍കണമെന്ന് പേരാമ്പ്ര സെന്‍ ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി പ്രചരിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം എന്നത് വാക്കില്‍ വന്ന പിഴവാണെന്ന് അധ്യാപിക വ്യക്തമാക്കി. ഇതില്‍ പി.ടി.എ അംഗങ്ങള്‍ക്കോ രക്ഷിതാക്കളുടെ ഭാഗത്തുനിന്നോ യാതൊരുവിധ പരാതിയും ഇല്ലെന്നും ക്ലാസ് ഗ്രൂപ്പിലേക്ക് ഇട്ട ഒരു മെസ്സേജില്‍ വന്ന പിഴവാണ് ഇതെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി.
കലോത്സവത്തിന്റെ ഭക്ഷ്യവിഭവ സമാഹരണവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലോത്സവത്തിനായി സര്‍ക്കാര്‍ ഫണ്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.