തിരക്കൊഴിഞ്ഞ് കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഡോക്ടര്‍മാരുടെ സമരം കൊയിലാണ്ടിയിലും പൂര്‍ണം


കൊയിലാണ്ടി: ഡോക്ടര്‍മാരുടെ സമരം കൊയിലാണ്ടിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. കൊയിലാണ്ടിയിലെ എല്ലാ ആശുപത്രികളിലും അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

സാധാരണ ഏറെ തിരക്ക് അനുഭവപ്പെടാറുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രി ആളൊഴിഞ്ഞ നിലയിലാണ്. ഒ.പി.സേവനം തടസപ്പെട്ടു. കാഷ്വാലിറ്റി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും സമരത്തിലാണ്. ശനിയാഴ്ച രാവിലെ ആറു മുതല്‍ ഞായറാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്.

കൊല്‍ക്കത്തയില്‍ 31കാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നത്. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂര്‍ണ്ണ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആശുപത്രികളിലും ക്യാമ്പസുകളിലും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അധികാരികളാണ്. ഡോക്ടര്‍മാരുടെയും, നേഴ്‌സുമാരുടെയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ആവശ്യങ്ങളോടുള്ള ബന്ധപ്പെട്ട അധികാരികളുടെ ഉദാസീനതയുടെയും നിസ്സംഗതയുടെയും ഫലമാണ് ശാരീരിക അക്രമങ്ങളും, കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതിന് കാരണം എന്ന് ഐ.എം.എ പ്രസ്താവനയിലൂടെ അറിയിച്ചു.