ജില്ലയില്‍ വിവിധയിടങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നോക്കാം പ്രതിരോധ മാര്‍ഗങ്ങള്‍


കോഴിക്കോട്: ജില്ലയില്‍ വിവിധയിടങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലക്ഷണങ്ങള്‍ പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാം

മഞ്ഞപ്പിത്തം പകരുന്ന വിധം

അസുഖമുള്ള രോഗിയുടെ മലത്താല്‍ മലിനമായ വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് അസുഖം പകരുന്നത്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്; പ്രത്യേകിച്ച് കുട്ടികളില്‍ നിന്ന് രോഗം പകരുന്നത് ശ്രദ്ധിക്കണം. അതിനാല്‍ വ്യക്തിശുചിത്വം കുട്ടികളിലും അനിവാര്യമാണ്.

ലക്ഷണങ്ങള്‍

അമിതമായ ക്ഷീണം, പനി, വയറുവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം.

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാം

കുടിവെള്ളം വാട്ടര്‍ പ്യൂരിഫെയര്‍ വഴിയുള്ളതാണെങ്കിലും ക്ലോറിനേറ്റ് ചെയ്തതാണെങ്കിലും തിളപ്പിച്ചാറ്റിയതിന് ശേഷം മാത്രം കുടിക്കുന്നതാണ് അഭികാമ്യം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്രവിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ നന്നായി വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം.