700ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ഭിന്നശേഷി കായികോത്സവം ഫെബ്രുവരി മൂന്നിന് ജില്ലയില്‍ തുടക്കമാകും
കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ മറ്റ് കുട്ടികളോടൊപ്പം കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ സോണല്‍ കായികോത്സവത്തിന് ഫെബ്രുവരി മൂന്നിന് ജില്ലയില്‍ തുടക്കമാകും.
പതിനഞ്ച് ബിആര്‍സികളില്‍ നടന്ന കായികോത്സവത്തില്‍ മികവ് തെളിയിച്ച 700ലധികം ഭിന്നശേഷി കുട്ടികളാണ് മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി സംഘടിപ്പിക്കപ്പെടുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തില്‍ പങ്കാളികളാകുന്നത്. സാമൂതിരി എച്ച്എസ്എസ് തളി (കോഴിക്കോട് വിദ്യാഭ്യാസ ജില്ല), എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് ചേളന്നൂര്‍ (താമരശ്ശേരി വിദ്യാഭ്യാസ ജില്ല), നാഷണല്‍ എച്ച്എസ്എസ് വട്ടോളി (വടകര വിദ്യാഭ്യാസ ജില്ല) എന്നീ കേന്ദ്രങ്ങളിലാണ് സോണല്‍ മത്സരങ്ങള്‍ നടക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് കായികോത്സവം സംഘടിപ്പിക്കുക.
ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഹാന്റ്‌ബോള്‍, റിലേ, സ്റ്റാന്റിംഗ് ജംബ്, ബോള്‍ ത്രോ എന്നീ ഇനങ്ങളിലാണ് മത്സരം. പലവിധ പരിമിതികളാല്‍ കായിക മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക് അവസരമൊരുക്കി ശാരീരികവും മാനസികവുമായ കരുത്ത് പ്രദാനം ചെയ്ത് ആത്മവിശ്വാസമുള്ളവരാക്കി മാറ്റുക എന്നതാണ് കായികോത്സവത്തിന്റെ ലക്ഷ്യം.
പ്രത്യേക പരിശീലനം ലഭിച്ച കായികാധ്യാപകരും തെരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാരുമാണ് ഇന്‍ക്ലൂസീവ് കായികോത്സവത്തിന് നേതൃത്വം നല്‍കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍ കായികാധ്യാപകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കായികമേള സംഘടിപ്പിക്കുന്നത്.
സഹപാഠികളുടെയും സമൂഹത്തിന്റെയും കൈത്താങ്ങോടെ കൂടുതല്‍ ദൂരത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വേഗത്തില്‍ എന്ന ലക്ഷ്യത്തിലേക്ക് വിഭിന്നശേഷിക്കാരും ഉയരുന്ന നാളുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സ്വപ്നം കാണുന്നതെന്ന് സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ഹക്കീം അറിയിച്ചു.