മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് സംബന്ധിച്ച് ഓണത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനം; കുന്ന്യോറമല നിവാസികളുടെ യോഗം വിളിച്ച് ഡപ്യൂട്ടി കലക്ടര്‍


കൊയിലാണ്ടി: ദേശീയപാത പ്രവൃത്തി കാരണം മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കൊല്ലം കുന്ന്യോറമല നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ പ്രദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്തു. ഗുരുദേവ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എയും ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യനും പ്രദേശവാസികളോട് വിശദീകരിച്ചു.

മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി അക്വയര്‍ ചെയ്യേണ്ട ഭൂമി എത്രയെന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് ഓണത്തിന് മുമ്പ് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി ഡപ്യൂട്ടി കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. അക്വിസിഷന്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും അതുവരെ പ്രസ്തുത വീടുകളിലെ താമസക്കാരെ വാടക വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ച് ഓരോ വീടിനും മാസം 8000 രൂപ വീതം വാടക നല്‍കാന്‍ തീരുമാനിച്ച വിവരവും ജനങ്ങളെ അറിയിച്ചു.

യോഗത്തില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് , വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍, നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് മാസ്റ്റര്‍, കൗണ്‍സിലര്‍ സുമതി എന്നിവര്‍ പങ്കെടുത്തു.

Summary: The Deputy Collector called a meeting of Kunnyorama residents